
തിരുവനന്തപുരം: ദേവസ്വം വകുപ്പിന്റെ പ്രത്യേക അഭിഭാഷകനായി നിയമിതനായ കെ.ബി.പ്രദീപ് രാജിവെച്ചു. കെ.ബി. പ്രദീപിനോട് രാജിവെയ്ക്കാന്‍ മുഖ്യമന്ത്രി
വി.ഡി.സതീശന്‍ ആവശ്യപ്പെട്ടിരുന്നു. സ്മാര്‍ട്ട് ക്രിയേഷന്‍സ് അഭിഭാഷകനായിരുന്ന കെ.ബി പ്രദീപിനെ ദേവസ്വം വകുപ്പിന്റെ പ്രത്യേക അഭിഭാഷകനായി നിയമിച്ചത് വിവാദമായ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ ഇടപെടല്‍. പ്രദീപിന്റെ രാഷ്ട്രീയ പശ്ചാത്തലം പോലും പരിഗണിക്കാതെയാണ് നിയമനമെന്ന വിമര്‍ശനവും ഉയര്‍ന്നിരുന്നു. തീരുമാനം മുഖ്യമന്ത്രി വി ഡി സതീശന്റേതാണെന്നും മുഖ്യമന്ത്രിയുടെ വിവേചനാധികാരമാണെന്നും കെ മുരളീധരന്‍ വിഷത്തില്‍ പ്രതികരിച്ചിരുന്നു. താന്‍ വിഷയത്തില്‍ ഇടപെടില്ലെന്ന് നേരത്തെ അറിയിച്ചിരുന്നുവെന്നും കെ മുരളീധരന്‍ പറഞ്ഞിരുന്നു.
ശബരിമല സ്വര്‍ണക്കൊള്ളയില്‍ പ്രതിസ്ഥാനത്തുള്ള സ്മാര്‍ട്ട് ക്രിയേഷന്‍സിന്റെ അഭിഭാഷകനായിരുന്ന കെ ബി പ്രദീപിനെ ദേവസ്വം വകുപ്പിന്റെ സ്പെഷ്യല്‍ സര്‍ക്കാര്‍
പ്ലീഡറായി നിയമിച്ചതില്‍ കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം ആശങ്ക അറിയിച്ചിരുന്നു. ശബരിമല സ്പെഷ്യല്‍ കമ്മീഷണറെയാണ് എസ്‌ഐടി ആശങ്ക അറിയിച്ചത്. അന്വേഷണ വിവരങ്ങള്‍ പ്രതികള്‍ക്ക് ചോരുമെന്നാണ് എസ്ഐടി ചൂണ്ടിക്കാണിച്ചിരുന്നത്. നിര്‍ണായക രേഖകള്‍ കൈമാറുന്നതിലെആശങ്കയും എസ്‌ഐടി പ്രകടിപ്പിച്ചിരുന്നു സര്‍ക്കാരിനോട് ആശങ്ക പങ്കുവെയ്ക്കുന്നതില്‍ എസ്ഐടിക്ക് സാങ്കേതികത തടസ്സമുണ്ട്. സ്പെഷ്യല്‍ കമ്മീഷണര്‍ ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചേക്കുമെന്നും വിവരമുണ്ടായിരുന്നു.
സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡര്‍ മാത്രമേ ദേവസ്വം വകുപ്പിനുണ്ടായിരുന്നുള്ളു. ഈ സാഹചര്യത്തിലാണ് സ്‌പെഷ്യല്‍ പ്ലീഡറുടെ തസ്തിക ഉണ്ടാക്കി കെ ബി പ്രദീപിന് നിയമനം നല്‍കിയത്.
















