
തൃശൂർ: മണ്ണുത്തിയിൽ ആംബുലൻസിൽ കടത്തുകയായിരുന്ന എംഡിഎംഎ പോലീസ് പിടികൂടി. വെട്ടിക്കല്‍ അഞ്ചേരി സ്വദേശികളായ ഫെലിക്സ്, സന്ദീപ് എന്നിവരെയാണ് പോലീസ്
അറസ്റ്റ് ചെയ്തത്. ബംഗളൂരുവില്‍ നിന്നു കൊണ്ടുവന്ന ലഹരി മരുന്നാണ് പോലീസ് പിടിച്ചെടുത്തത്.
പാലക്കാട്- തൃശൂര്‍ അതിര്‍ത്തിയായ വാണിയംപാറയില്‍ വച്ചാണ് ബീക്കണ്‍ ലൈറ്റിട്ട് എംഡിഎംഎ കടത്താന്‍ ശ്രമിച്ച ആംബുലന്‍സ് പിടികൂടിയത്. വാഹനത്തില്‍ നിന്നു 280 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. ആംബലന്‍സില്‍ ലഹരിയുമായി ഒരു സംഘം വരുന്നുണ്ടെന്ന
രഹസ്യ വിവരത്തെ തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് ഇരുവരും കുടുങ്ങിയത്. എവിടെയാണ് ലഹരി ഒളിപ്പിച്ചതെന്നു ചോദിച്ചപ്പോള്‍ പ്രതികള്‍ മറുപടി പറഞ്ഞില്ല. പിന്നാലെ പോലീസ് വാഹനം വിശദമായി പരിശോധിച്ചു. സീറ്റിന്റെ അടിയില്‍ ഒളിപ്പിച്ച നിലയിലാണ് ലഹരി മരുന്ന് കണ്ടെത്തിയത്.
തൃശൂര്‍ സിറ്റി പോലീസിന്റെ ലഹരി വിരുദ്ധ സേനയാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ പോലീസ് ചോദ്യം ചെയ്തുവരുന്നു. ആംബുലന്‍സ് ഉടമയേയും പോലീസ് ചോദ്യം ചെയ്യും.
















