
ന്യൂഡൽഹി: സമൂഹമാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ച പരിഹാസ രാഷ്ട്രീയ കൂട്ടായ്മയായ ‘കോക്രോച്ച് ജനതാ പാർട്ടി’യുടെ എക്സ് അക്കൗണ്ട് ഇന്ത്യയിൽ തടഞ്ഞുവെച്ച കേന്ദ്ര സർക്കാർ നടപടിക്കെതിരെ കടുത്ത വിമർശനവുമായി കോൺഗ്രസ് എംപി ശശി തരൂർ. ജനാധിപത്യ
ത്തിൽ ഇത്തരം പരിഹാസങ്ങൾക്കും വിയോജിപ്പുകൾക്കും യുവാക്കളുടെ നിരാശ പ്രകടിപ്പിക്കാനുമുള്ള ഇടം വേണമെന്നും അതിനെ അടിച്ചമർത്തുന്നത് വിഡ്ഢിത്തമാണെന്നും അദ്ദേഹം തന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ വ്യക്തമാക്കി.
യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ദശലക്ഷക്കണക്കിന് ഫോളോവേഴ്സിനെ നേടി മുന്നേറുന്ന സിജെപിയുടെ അക്കൗണ്ട്, നിയമപരമായ ആവശ്യത്തെത്തുടർന്നാണ് ഇന്ത്യയിൽ എക്സ് പ്ലാറ്റ്ഫോം തടഞ്ഞുവെച്ചത്. ഇത്തരം ജനകീയ കൂട്ടായ്മകൾ സമൂഹത്തിലെ അമർഷവും നിരാശയും പുറത്തുവിടാനുള്ള പ്രഷർ കുക്കറിലെ ‘സേഫ്റ്റി വാൽവുകൾ’ പോലെയാണെന്ന് ശശി തരൂർ ഉപമിച്ചു. ഈ വാൽവുകൾ അടച്ചുപൂട്ടിയാൽ കുക്കർ പൊട്ടിത്തെറിക്കും. അരാജകത്വത്തിനും വി
പ്ലവത്തിനും പകരം ഇത്തരം പരിഹാസ രൂപേണയുള്ള പ്രതിഷേധങ്ങളാണ് താൻ ഇഷ്ടപ്പെടുന്നതെന്നും അദ്ദേഹം കുറിച്ചു.
സിജെപിയുടെ പിന്നിൽ പാകിസ്താൻ അജണ്ടയാണെന്ന ബിജെപിയുടെ ആരോപണവും തരൂർ തള്ളി. ഫോളോവേഴ്സിൽ 94 ശതമാനവും ഇന്ത്യയിൽ നിന്നുള്ളവരാണെന്ന സ്ഥാപകൻ അഭിജീത് ദിപ്കെയുടെ വാദങ്ങൾ അദ്ദേഹം ചൂണ്ടിക്കാണിച്ചു. ഭരണപക്ഷത്തിനെതിരെ മാത്രമല്ല, കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾക്കെതിരെയും സിജെപി വിമർശനം ഉന്നയിക്കുന്നുണ്ടെന്ന് തരൂർ ഓർമിപ്പിച്ചു. യുവാക്കൾ നിലവിലെ രാഷ്ട്രീയ വ്യവസ്ഥിതിയോട് എത്രത്തോളം അകന്നിരിക്കുന്നു എന്നതിന്റെ തെളിവാണിതെന്നും, ഈ അതൃപ്തി മനസ്സിലാക്കി അവർക്ക് പരിഹാരം കാണേണ്ടത് ജനപ്രതിനിധികളുടെ കടമയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
















