
ന്യൂഡല്‍ഹി: രാജ്യത്തെ നടുക്കിയ പുല്‍വാമ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ കൊല്ലപ്പെട്ടു. ഇന്ത്യയുടെ ഭീകര പട്ടികയിലുള്ള ഹംസ ബുര്‍ഹാനാണ് അജ്ഞാതരുടെ
വെടിയേറ്റ് മരിച്ചത്. പാക് അധീന കശ്മീരിലെ മുസാഫറാബാദില്‍ വ്യാഴാഴ്ചയാണ് സംഭവം നടന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒന്നിലധികം വെടിയുണ്ടകള്‍ ശരീരത്തിലേറ്റ ഹംസ ബുര്‍ഹാന്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചതായാണ് വിവരം.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. ആരാണ് ആക്രമണത്തിന് പിന്നിലെന്നോ എന്താണ് കൊലപാതകത്തിന് പിന്നിലെ ലക്ഷ്യമെന്നോ
വ്യക്തമല്ല. മേഖലയില്‍ അതീവ സുരക്ഷ ഏര്‍പ്പെടുത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. അര്‍ജുമന്ത് ഗുല്‍സാര്‍ ദര്‍ എന്നാണ് ബുര്‍ഹാന്റെ യഥാര്‍ത്ഥ പേര്. 2022-ല്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് ബുര്‍ഹാനെ ഭീകരവാദിയായി പ്രഖ്യാപിച്ചത്.
2019 ഫെബ്രുവരി 14 നായിരുന്നു പുല്‍വാമയില്‍ ഭീകരാക്രമണം നടന്നത്. ഇന്ത്യന്‍ സൈനിക വാഹനവ്യൂഹത്തിന് നേരെ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 40 ലധികം സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. സ്‌ഫോടക വസ്തുക്കള്‍ നിറച്ച വാഹനം സുരക്ഷാ ഉദ്യോഗസ്ഥരുടെ വാഹനവ്യൂഹത്തിലേക്ക് ഇടിച്ചു കയറ്റിയാണ് ആക്രമണം നടത്തിയത്.
















