
ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയയെ ഉലച്ചുകൊണ്ട് കോക്രോച്ച് ജനതാ പാര്‍ട്ടി അഥവാ സിജെപി എന്ന പേരില്‍ പുതിയ ഡിജിറ്റല്‍ പ്രസ്ഥാനം രൂപം കൊണ്ടു. വെറും കുട്ടിക്കളിയോ തമാശ ട്രോളോ അല്ലെന്നും മറിച്ച് ജെന്‍സി പിള്ളേര്‍ ഏറ്റെടുത്ത പൊളിറ്റിക്കല്‍ മൂവ്മെന്റാണ്
ഇതെന്നുമാണ് വിലയിരുത്തപ്പെടുന്നത്.
സുപ്രീം കോടതിയില്‍ നടന്ന ഒരു വാദത്തിനിടെ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നടത്തിയ പാറ്റ (Cockroach) പരാമര്‍ശമാണ് സിജെപി രൂപീകരണത്തിലേക്ക് നയിച്ചത്. വ്യാജ ബിരുദങ്ങള്‍ കാണിച്ച് ആക്ടിവിസവും ജേര്‍ണലിസവും നടത്തുന്ന യുവാക്കളെ അദ്ദേഹം പാറ്റകളോട് ഉപമിച്ചു. തൊഴിലില്ലാത്ത ഒരു കൂട്ടം യുവാക്കളാണ് ആക്ടിവിസ്റ്റുകളായി മാറി സിസ്റ്റത്തെ ആക്രമിക്കാന്‍ തുടങ്ങുന്നത് എന്നായിരുന്നു അദ്ദേഹത്തിന്റെ കണ്ടെത്തല്‍.
തൊഴിലില്ലായ്മയും പരീക്ഷാ തട്ടിപ്പുകളും കാരണം രാജ്യം മുഴുവന്‍ യുവാക്കള്‍
ബുദ്ധിമുട്ടുമ്പോള്‍, അവരെ ഒന്നടങ്കം അപമാനിക്കുന്ന രീതിയിലാണ് യുവത ഇതിനെ കണ്ടത്. മുന്‍ ആം ആദ്മി പാര്‍ട്ടി മുന്‍ സോഷ്യല്‍ മീഡിയ സ്ട്രാറ്റജിസ്റ്റും ബോസ്റ്റണ്‍ യൂണിവേഴ്സിറ്റി വിദ്യാര്‍ഥിയുമായ അഭിജിത് ദിപ്കെ എന്ന മുപ്പതുകാരന്‍, ‘എങ്കില്‍ എല്ലാ പാറ്റകള്‍ക്കും ഒരുമിച്ച് ചേര്‍ന്നുകൂടേ?’ എന്ന് ചോദിച്ച് ് 2026 മേയ് 16-ന് Cockroach Janta Party എന്ന പേരില്‍ പേജും വെബ്സൈറ്റും തുടങ്ങി.
സംഭവം വിവാദമായതോടെ ചീഫ് ജസ്റ്റിസ് വിശദീകരണവുമായി രംഗത്തെത്തി. വ്യാജ ബിരുദങ്ങള്‍ ഉപയോഗിച്ച് നിയമരംഗത്തും മറ്റും എത്തുന്നവരെയാണ് താന്‍ ഉദ്ദേശിച്ചതെന്നും രാജ്യത്തെ യുവാക്കളെ അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍
യുവാക്കള്‍ ഈ പ്രസ്ഥാനവുമായി മുന്നോട്ട് പോവുകയായിരുന്നു.
Voice of the Lazy & Unemployed ടാഗ് ലൈനോടെവന്ന അവരുടെ ഒഫീഷ്യല്‍ വെബ്സൈറ്റില്‍ ലക്ഷക്കണക്കിന് യുവാക്കളാണ് മിനിറ്റുകള്‍ക്കകം മെമ്പര്‍മാരായത്! മഹുവ മൊയ്ത്ര അടക്കമുള്ള മുഴുവന്‍ സമയ രാഷ്ട്രയക്കാരും ഇതിന്റെ ഭാഗമായിക്കഴിഞ്ഞു. ലക്ഷങ്ങളില്‍ നിന്ന് കോടികളിലേക്ക് കുതിക്കുകയാണ് അംഗങ്ങളുടെ എണ്ണം എന്നതാണ് കൗതുകം.
വെറുമൊരു സോഷ്യല്‍ മീഡിയ ഹൈപ്പ് മാത്രമല്ല, കൃത്യമായ ഡിമാന്‍ഡുകളോടെയാണ് ഇവര്‍ വന്നിരിക്കുന്നത്. ജനങ്ങള്‍ക്കിടയില്‍ അഞ്ച് പോയിന്റ് അജണ്ടയാണ് പ്രധാനമായുള്ളത്.
ജഡ്ജിമാര്‍ക്ക് റിട്ടയര്‍മെന്റ് ആനുകൂല്യങ്ങള്‍ ഇല്ല:
ഒരു ചീഫ് ജസ്റ്റിസിനും വിരമിച്ച ശേഷം രാജ്യസഭാ സീറ്റോ മറ്റ് രാഷ്ട്രീയ പദവികളോ റിട്ടയര്‍മെന്റ് റിവാര്‍ഡായി നല്‍കരുത്.
വോട്ടിംഗ് അവകാശം സംരക്ഷിക്കുക:
ജനങ്ങളുടെ വോട്ട് റദ്ദാക്കുകയോ ഇല്ലാതാക്കുകയോ ചെയ്താല്‍ ചീഫ് ഇലക്ഷന്‍ കമ്മീഷണറെ UAPA നിയമപ്രകാരം അറസ്റ്റ് ചെയ്യണം.
സ്ത്രീകള്‍ക്ക് 50% സംവരണം:
പാര്‍ലമെന്റിലും എല്ലാ ക്യാബിനറ്റ് പദവികളിലും സ്ത്രീകള്‍ക്ക് കൃത്യമായി 50% സീറ്റുകള്‍
ഉറപ്പാക്കുക. നിലവിലുള്ള സീറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കാതെ തന്നെ ആനുപാതം ഉയര്‍ത്തിക്കൊണ്ടു വരണമെന്നാണ് ഇവരുടെ ആവശ്യം.
‘ഗോദി മീഡിയ’ ആങ്കര്‍മാരുടെ സാമ്പത്തിക ഇടപാടുകളില്‍ അന്വേഷണം എന്നതാണ് മറ്റൊരു അജണ്ട.
പാര്‍ട്ടി മാറുന്ന എംഎല്‍എ / എംപിമാര്‍ക്ക് 20 വര്‍ഷം തെരഞ്ഞെടുപ്പ് വിലക്കും കോക്രോച്ച് പാര്‍ട്ടി നിഷ്‌കര്‍ഷിക്കുന്നു.
പാര്‍ട്ടിയുടെ ”മെമ്പര്‍ഷിപ്പ് യോഗ്യതകള്‍” സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ വൈറലായ ഭാഗങ്ങളിലൊന്നായിരുന്നു.
നിങ്ങള്‍ തൊഴിലില്ലായ്മ അനുഭവിക്കുന്ന ആളായിരിക്കണം.
ജീവിതത്തില്‍ ബുദ്ധിമുട്ടുകള്‍ നേരിടുന്ന ആളായിരിക്കണം.
ദിവസവും മണിക്കൂറുകളോളം സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കണം.
നന്നായി വിമര്‍ശിക്കാന്‍ അറിയുന്ന ആളായിരിക്കണം.
ഇത് പരിഹാസ രൂപത്തിലാണെങ്കിലും, ഇന്നത്തെ യുവത്വത്തിന്റെ യഥാര്‍ഥ അവസ്ഥ
പ്രതിഫലിക്കുന്നുണ്ടെന്നാണ് പലരും പറയുന്നത്. അതുകൊണ്ടുതന്നെ ഈ ”ഫലിത നിയമങ്ങള്‍” യുവാക്കള്‍ക്ക് വളരെ റിലേറ്റബിള്‍ ആയി തോന്നുകയും വലിയ പിന്തുണ ലഭിക്കുകയും ചെയ്തു.
‘കോക്രോച്ച് ജനത പാര്‍ട്ടി” ഒരു ഔദ്യോഗിക രാഷ്ട്രീയ പാര്‍ട്ടി അല്ലെങ്കിലും ഇത് ഇന്ത്യയിലെ യുവത്വത്തിന്റെ നിരാശയും അമര്‍ഷവും എത്രത്തോളം വര്‍ധിച്ചിരിക്കുകയാണെന്ന് തെളിയിക്കുന്ന സോഷ്യല്‍ മീഡിയ മൂവ്മെന്റായി മാറിക്കഴിഞ്ഞു എന്നാണ് സമൂഹ മാധ്യമങ്ങളില്‍ ഇവര്‍ക്ക് ലഭിക്കുന്ന സ്വീകാര്യത വ്യക്തമാക്കുന്നത്. എത്ര പ്രതിസന്ധികള്‍ വന്നാലും അതിജീവിച്ചു മുന്നോട്ട് പോകുന്ന സാധാരണക്കാരുടെ പ്രതീകമായാണ് ഇന്ന്് സിജെപി മാറിയിരിക്കുന്നത്. ഒരു ട്രോളായി തുടങ്ങിയ ഈ ആശയം, യുവാക്കളുടെ ജീവിത യാഥാര്‍ഥ്യങ്ങളും അസന്തോഷങ്ങളും തുറന്ന് പറയാനുള്ള ഒരു വേദിയായി മാറിയിരിക്കുകയാണ്.
















