
വടകര: പ്രിയ കവി ചുണ്ടയില്‍ പ്രഭാകരന്റെ തെരഞ്ഞെടുത്ത കവിതകളുടെ പ്രകാശനം 23ന് വടകരയില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഗ്രീന്‍ പാലസ് ഓഡിറ്റോറിയത്തില്‍ വൈകുന്നേരം 4.30ന് കവി പി.എന്‍. ഗോപീകൃഷ്ണന്‍ വി.ടി. മുരളിക്ക്
ആദ്യപ്രതി നല്‍കി പ്രകാശനം നിര്‍വഹിക്കും.
ചുണ്ടയില്‍ പ്രഭാകരന്‍ ഓര്‍മയായിട്ട് നാലുവര്‍ഷം പിന്നിടുകയാണ്. അപ്രകാശിതങ്ങളായ ഒട്ടേറെ കവിതകളടക്കം നൂറ്റമ്പതോളം സൃഷ്ടികള്‍ അദ്ദേഹത്തിന്റെ രചനാശേഖരത്തില്‍ ഉണ്ട്. മലയാളത്തിലെ മുന്‍നിര ആനുകാലികങ്ങളായ മാതൃഭൂമി, ഭാഷാപോഷിണി, ദേശാഭിമാനി, മലയാളം തുടങ്ങിയവയിലും ലിറ്റില്‍ മാഗസിനുകളിലും കവിതകള്‍ എഴുതിയിട്ടുണ്ട്. ആത്മപ്രകാശന വൈമുഖ്യം കൊണ്ടാവാം ശ്രദ്ധേയങ്ങളായ ഇവയൊന്നുംതന്നെ സമാഹരിക്കപ്പെടുകയോ പ്രസിദ്ധീകൃതമാവുകയോ ചെയ്തിട്ടില്ല. ഭാഗ്യവശാല്‍ കേരള സാഹിത്യ അക്കാദമി സസന്തോഷം ആ ദൗത്യം ഏറ്റെടുക്കുകയും
തെരഞ്ഞെടുത്ത 44 കവിതകള്‍ സമാഹരിച്ച് പ്രസിദ്ധീകരിക്കുകയുമാണ്.
പ്രകാശന ചടങ്ങില്‍ ഗോപീകൃഷ്ണന്‍ (ചുണ്ടയില്‍ പ്രഭാകരന്‍: കാവ്യാവസ്ഥയും കാലാവസ്ഥയും),
സജയ് കെ വി (ചുണ്ടയില്‍ പ്രഭാകരന്റെ ഭൂമിഗീതങ്ങള്‍), വീരാന്‍കുട്ടി (കാവ്യഭാഷയിലെ പ്രഭാകരസ്പര്‍ശം) എന്നിവര്‍ പ്രഭാഷണം നടത്തും. വി.ടി. മുരളി, ഷൈനി വേണുഗോപാല്‍, സരിമ അതുല്‍, ശ്രീഗംഗ സുനീത് എന്നിവര്‍ ചുണ്ടയില്‍ പ്രഭാകരന്റെ കവിതകള്‍ക്ക് സംഗീതാവിഷ്‌കാരം നല്‍കി അവതരിപ്പിക്കും.
വാര്‍ത്താസമ്മേളനത്തില്‍ കെ.വിജയന്‍, ടി.രാധാകൃഷ്ണന്‍, വിശ്വനാഥന്‍ ചുണ്ടയില്‍, പ്രശാന്തി പറമ്പത്ത് എന്നിവര്‍ പങ്കെടുത്തു.
















