
തിരുവനന്തപുരം: ആലപ്പുഴയില്‍ നവകേരള യാത്രക്കിടെ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ്‍മാന്മാര്‍ കെഎസ്യു നേതാക്കളെ മര്‍ദിച്ച സംഭവം പുനരന്വേഷിക്കാന്‍ എസ്‌ഐടി രൂപീകരിച്ച് ആഭ്യന്തര വകുപ്പ്. ടി.പി.ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷിച്ച
എസ്.പി.ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള സംഘത്തിനാണ് ചുമതല. 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് ഡിജിപിയുടെ നിര്‍ദ്ദേശം.
2023ല്‍ നടന്ന നവകേരള യാത്രയ്ക്കിടെ കറുത്ത കൊടി കാണിച്ച ആലപ്പുഴയിലെ നിയുക്ത എംഎല്‍എയായ എ.ഡി.തോമസ് അടക്കമുള്ള പ്രതിഷേധക്കാരെ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ്‍മാന്‍മാരായ അനില്‍ കുമാറും സന്ദീപ് എസും ചേര്‍ന്ന് മര്‍ദിച്ചത് വിവാദമായിരുന്നു. 2023 ഡിസംബര്‍ 15ന് ആലപ്പുഴ ജനറല്‍ ആശുപത്രി ജംഗ്ഷനിലായിരുന്നു ഇവര്‍ക്ക് മര്‍ദ്ദനമേറ്റത്. സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാര്‍ തടഞ്ഞ് വെച്ച പ്രതിഷേധക്കാരെ മുഖ്യമന്ത്രിയുടെ അകമ്പടി വാഹനത്തില്‍ നിന്നിറങ്ങിവന്നായിരുന്നു ഗണ്‍മാന്മാര്‍ മര്‍ദിച്ചത്. സംഭവത്തില്‍ പോലീസിന്റെ ഭാഗത്തുനിന്ന് നടപടികള്‍ വൈകിയതിനെത്തുടര്‍ന്ന് മര്‍ദനമേറ്റവര്‍ കോടതിയെ സമീപിക്കുകയും കോടതി ഉത്തരവ് പ്രകാരം ഗണ്‍മാന്‍മാര്‍ക്കെതിരെ കേസെടുക്കുകയുമായിരുന്നു.
എന്നാല്‍ സംഭവത്തില്‍ അനില്‍ കുമാറും സന്ദീപും കുറ്റം ചെയ്തിട്ടില്ലെന്ന് റിപ്പോര്‍ട്ട് നല്‍കി
കേസ് അവസാനിപ്പിക്കാനായിരുന്നു നേരത്തെ ക്രൈം ബ്രാഞ്ച് ശ്രമിച്ചത്. കേസിന്റെ നിര്‍ണായക തെളിവായ വീഡിയോ ദൃശ്യങ്ങള്‍ ശേഖരിക്കാതെയാണ് ക്രൈംബ്രാഞ്ച് കേസ് അവസാനിപ്പിച്ചതെന്ന ആരോപണവും ഉയര്‍ന്നിരുന്നു.
കുറ്റവിമുക്തമാക്കിയ ക്രൈംബ്രാഞ്ച് നടപടി തള്ളിയ ആലപ്പുഴ മജിസ്‌ട്രേട്ട് കോടതി കേസില്‍ പുനരന്വേഷണം നടത്താന്‍ 2024നവംബര്‍ 8ന് ഉത്തരവിട്ടിരുന്നു. എന്നാല്‍ കഴിഞ്ഞസര്‍ക്കാര്‍ ഇതിനുള്ള നടപടികള്‍ സ്വീകരിച്ചിരുന്നില്ല.
ഇന്ന് രാവിലെ സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തി. ഇതിനുശേഷമാണ് എസ്.പി. ഷൗക്കത്തലിയുടെ
നേതൃത്വത്തിലുള്ള പ്രത്യേകസംഘത്തെ അന്വേഷണത്തിനായി നിയോഗിച്ചത്.
















