
ന്യൂഡൽഹി: കേരളത്തിൻറെ 13-ാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത വി.ഡി സതീശന് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സാമൂഹിക മാധ്യമമായ
എക്‌സിലൂടെയാണ് പ്രധാനമന്ത്രി വി.ഡി. സതീശന് ആശംസകൾ അറിയിച്ചത്. ‘ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റുന്നതിനായി, പുതുതായി രൂപീകരിച്ച കേരള സർക്കാറിന് സാധ്യമായ എല്ലാ പിന്തുണയും കേന്ദ്ര സർക്കാർ ഉറപ്പ് നൽകുന്നു’ എന്ന് പോസ്റ്റിലൂടെ മോദി വ്യക്തമാക്കി.
തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സത്യവാചകം ചൊല്ലികൊടുത്തു. മുഖ്യമന്ത്രിയായി വി.ഡി. സതീശൻ ദൈവ നാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. തുടർന്ന്
മന്ത്രിസഭയിലെ രണ്ടാമനായ മുസ്‍ലിം ലീഗ് ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ ഊഴമായിരുന്നു. അദ്ദേഹവും ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തു. ശേഷം, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല തൊട്ടുപിന്നാലെയും നാലാമതായി കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫും സത്യപ്രതിജ്ഞ ചെയ്തു. കെ. മുരളീധരൻ, മോൻസ് ജോസഫ്, ഷിബു ബേബി ജോൺ, അനുപ് ജേക്കബ്, സി.പി. ജോൺ, എൻ. ഷംസുദ്ദീൻ, പി.സി. വിഷ്ണുനാഥ്, റോജി എം. ജോൺ, ബിന്ദു കൃഷ്ണ, എം. ലിജു, കെ.എം. ഷാജി, പി.കെ. ബഷീർ, വി.ഇ. അബ്ദുൽ ഗഫൂർ, ടി. സിദ്ദീഖ്, കെ.എ. തുളസി, ഒ.ജെ. ജനീഷ് എന്നിവരാണ് അടുത്തതായി സത്യപ്രതിജ്ഞ ചെയ്തത്.
















