
ന്യൂഡല്‍ഹി: ചോദ്യപേപ്പര്‍ ക്രമക്കേട് വിവരം പുറത്ത് വന്നതിന് പിന്നാലെ ഈ വര്‍ഷത്തെ നീറ്റ് യുജി മെഡിക്കല്‍ പ്രവേശന പരീക്ഷ റദ്ദാക്കി. മെയ് മൂന്നിന് നടന്ന പരീക്ഷയുടെ
ചോദ്യപേപ്പര്‍ ചോര്‍ന്നുവെന്ന് വ്യക്തമായതോടെയാണ് തീരുമാനം. മെഡിക്കല്‍ പ്രവേശനത്തിനായി വീണ്ടും പരീക്ഷ നടത്തും. ഇതിനായി വിജ്ഞാപനം ഇറക്കും. പുതിയ ഹാള്‍ടിക്കറ്റ് ഉടന്‍ കുട്ടികള്‍ക്ക് വിതരണം ചെയ്യും. ഒരിക്കല്‍ പരീക്ഷയെഴുതിയതിനാല്‍ പുതുതായി രജിസ്‌ട്രേഷന്‍ നടത്തേണ്ടതിന്റേയോ ഫീസ് അടയ്‌ക്കേണ്ടതിന്റെയോ
ആവശ്യമില്ലെന്ന് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി വ്യക്തമാക്കി.
പരീക്ഷാ സംവിധാനത്തിലുള്ള വിശ്വാസം വീണ്ടെടുക്കുന്നതിന് വേണ്ടി കൂടിയാണ് പുനഃപരീക്ഷ നടത്തുന്നതെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയുടെ അറിയിപ്പ് പ്രകാരം, അന്വേഷണ ഏജന്‍സികള്‍ നല്‍കിയ വിവരങ്ങള്‍ പരിശോധിച്ച ശേഷമാണ് തീരുമാനം. ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ സിബിഐ അന്വേഷണം നടത്തും. പരീക്ഷാ നടപടികളില്‍ കൃത്രിമം നടന്നതായാണ് കണ്ടെത്തല്‍.
എസ്എഫ്‌ഐ മാര്‍ച്ചില്‍ സംഘര്‍ഷം
നീറ്റ് പരീക്ഷാ ക്രമക്കേടില്‍ പ്രതിഷേധിച്ച് എസ്എഫ്‌ഐ തിരുവനന്തപുരം എജിസ് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ബാരിക്കേഡ് മറികടന്ന് പ്രവര്‍ത്തകര്‍ ഓഫീസിനുള്ളിലേക്ക് കയറിയതോടെ പോലീസ് ലാത്തിവീശി.
കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന പരീക്ഷകളില്‍ വിശ്വാസമില്ലെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ് പറഞ്ഞു. ഡല്‍ഹി എന്‍ടിഎ ആസ്ഥാനത്തും എസ്എഫ്‌ഐ പ്രതിഷേധം സംഘടിപ്പിച്ചു.
















