
മലപ്പുറം: തവനൂര്‍ പെരുന്തല്ലൂരില്‍ തിരഞ്ഞെടുപ്പ് വിജയാഹ്ലാദത്തിനിടെ ആടിന്റെ തലയറുത്ത് പ്രദര്‍ശിപ്പിച്ച സംഭവത്തില്‍ പ്രതികരിച്ച് കെ ടി ജലീല്‍. മുസ്ലിം ലീഗിന്റെയും ജമാഅത്തെ ഇസ്ലാമിയുടെയും ‘തലയറുപ്പ് രാഷ്ട്രീയ’ത്തിനെതിരെ അവസാന ശ്വാസം
വരെയും പൊരുതുമെന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. തലയെടുക്കാന്‍ ധൈര്യമുള്ളവര്‍ക്ക് മുമ്പോട്ടു വരാമെന്നും അദ്ദേഹം പറഞ്ഞു.
തവനൂര്‍ പെരുന്തല്ലൂരില്‍ തിരഞ്ഞെടുപ്പ് വിജയാഹ്ലാദത്തിനിടെ ആടിന്റെ തലയറുത്ത് പ്രദര്‍ശിപ്പിച്ച സംഭവത്തില്‍ തിരൂര്‍ പോലീസ് കേസെടുത്തിട്ടുണ്ട്. കെ ടി ജലീലിന്റെ തോല്‍വിയാണ് മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ ആടിന്റെ തലവെട്ടി ആഘോഷിച്ചതെന്നാണ് ആക്ഷേപം. വീഡിയോ ദൃശ്യങ്ങള്‍ പരന്നതോടെ വിവാദമാവുകയായിരുന്നു. ആടിന്റെ അറുത്തെടുത്ത തലയുമായി റോഡിലൂടെ നടക്കുന്ന ദൃശ്യം പുറത്തുവിട്ട തെളിനീര്‍ ചിന്തകന്‍
എന്ന ഫേസ്ബുക്ക് പ്രൊഫൈല്‍ ഉടമക്കെതിരെയാണ് കേസ്. അനിമല്‍ ആക്ട് പ്രകാരവും ബി.എന്‍.എസ് 325 (മൃഗങ്ങളെ ദ്രോഹിക്കുക) എന്നീ വകുപ്പുകളും ചേര്‍ത്താണ് കേസ്. വിശാഖ് കെ. വിശ്വന്‍ എന്നയാള്‍ നല്‍കിയ പരാതിയിലാണ് കേസ്.സംഭവത്തില്‍ മുസ്‌ളീം ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. യൂത്ത് ലീഗ് പെരുനല്ലൂര്‍ വാര്‍ഡ് സെക്രട്ടറിയും തൃപ്രങ്ങോട് പഞ്ചായത്ത് ഭാരവാഹിയുമായ കുരിക്കള്‍പടി മച്ചിങ്ങല്‍ റാഫി, ലീഗ് പ്രവര്‍ത്തകന്‍ പെരുന്തല്ലൂര്‍ വാല്‍പറമ്പില്‍ ഷുഹൈബ് എന്നിവര്‍ക്കെതിരെയാണ് തിരൂര്‍ പൊലീസ് കേസെടുത്തത്. മൃഗങ്ങളോടുള്ള ക്രൂരതയ്ക്കും സോഷ്യല്‍ മീഡിയയില്‍ പ്രദര്‍ശിപ്പിച്ചതിന് ഐടി ആക്ട് പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്.
















