
കൊയിലാണ്ടി: ആസ്വാദകരില്‍ നാദവിസ്മയം തീര്‍ത്ത് ഗംഗ ശശിധരന്റെ വയലിന്‍ കച്ചേരി. മാരാമുറ്റം തെരു ശ്രീ മഹാഗണപതി ക്ഷേത്ര അഷ്ടബന്ധ നവീകരണകലശത്തോടനുബന്ധിച്ചാണ് വിശ്വപ്രസിദ്ധ വയലിനിസ്റ്റ് ഗംഗ ശശിധരന്റെ
വയലിന്‍ കച്ചേരി അരങ്ങേറിയത്. നന്നേ ചെറുപ്പത്തിലേ വയലിനില്‍ പ്രതിഭ പ്രകടിപ്പിച്ച ഗംഗ ശശിധരന്റെ വയലിന്‍ വാദനം ഏറെ ഹൃദ്യമാണ്.
ഗംഗയോടൊപ്പം കലഞ്ഞൂര്‍ ഉണ്ണികൃഷ്ണന്‍(ഘടം), തൃപ്പൂണിത്തറ ശ്രീകുമാര്‍ (തവില്‍), സുനില്‍ പള്ളിപ്പുറം ( കീബോര്‍ഡ്) വൈക്കം വിജയകുമാര്‍ (റിഥം പാഡ്) എന്നിവര്‍ പക്കമേളമൊരുക്കി. ഇതാദ്യമായാണ് ഈ മേഖലയില്‍ ഗംഗ ശശിധരന്റെ വയലിന്‍ കച്ചേരി.
വയലിന്റെ മാധുര്യം നിറഞ്ഞ അവതരണം സംഗീത വിസ്മയത്തിനൊപ്പം ഭക്തിസാന്ദ്രമായ
അന്തരീക്ഷവും സൃഷ്ടിച്ചു. ക്ലാസിക്കല്‍ സംഗീതത്തിന്റെ സുന്ദര നിമിഷങ്ങളാണ് ശ്രോതാക്കളില്‍ പെയ്തിറങ്ങിയത്. ഏവര്‍ക്കും കച്ചേരി അപൂര്‍വമായ സംഗീതാനുഭവമായി.
ക്ഷേത്രാങ്കണത്തില്‍ നടന്ന സാംസ്‌കാരിക സമ്മേളനത്തില്‍ പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാരെ മാരാമുറ്റം തെരു ശ്രീ മഹാഗണപതി ക്ഷേത്രം ശ്രീ വിനായക വാദ്യ കലാശ്രേഷ്ഠ പുരസ്‌കാരം നല്‍കി ആദരിച്ചു. ചടങ്ങ് ബ്രഹ്‌മശ്രീ ശിവപ്രസാദ് നമ്പൂതിരി ഉദ്ഘാടനം ചെയ്തു.
-സുധീര്‍ കൊരയങ്ങാട്
















