
ബെംഗളൂരു: ബംഗളൂരുവില്‍ മതിലിടിഞ്ഞ് വിനോദയാത്രാ സംഘത്തിലെ രണ്ട് മലയാളി സ്ത്രീകളടക്കം ഏഴ് പേര്‍ക്ക് ദാരുണാന്ത്യം. കേരളത്തില്‍ നിന്നുള്ള കുടുംബശ്രീയുടെ
വിനോദയാത്ര സംഘത്തിലെ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരാണ് ദുരന്തത്തില്‍പെട്ടത്. എറണാകുളം രാമമംഗലം സ്വദേശികളായ ലത, സ്മിത എന്നിവരാണ് മരിച്ചത്. ബെംഗളൂരു ബൗറിംഗ് ആശുപത്രിയുടെ മതില്‍ കനത്ത മഴയില്‍ ഇടിഞ്ഞുവീണാണ് അപകടമുണ്ടായത്. മഴ കനത്തപ്പോള്‍ മതിലിനോട് ചേര്‍ന്ന ടാര്‍പോളിന്‍ ഷീറ്റിന് കീഴില്‍ നിന്നവരാണ് അപകടത്തില്‍പ്പെട്ടത്. വിനോദയാത്ര സംഘത്തിലെ മൂന്ന് സ്ത്രീകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മൂവാറ്റുപുഴയിലെ അമൃതം പൊടി നിര്‍മ്മിക്കുന്ന യൂണിറ്റിലെ 56 പേരുടെ സംഘമാണ്
വിനോദയാത്ര പോയത്.
ബുധനാഴ്ച വൈകുന്നേരമുണ്ടായ അതിശക്തമായ മഴയിലാണ് ദുരന്തമുണ്ടായത്. മൂന്ന് കുട്ടികള്‍ക്കും ജീവന്‍ നഷ്ടമായി. ശിവാജി നഗറിലെ ബൗറിംഗ് ആശുപത്രിയുടെ എട്ടടി ഉയരമുള്ള ചുറ്റുമതില്‍ തകര്‍ന്നാണ് ദുരന്തം. ബസ് സ്റ്റാന്‍ഡിനും മാര്‍ക്കറ്റിനും സമീപമുള്ള ഈ ഭാഗത്ത് മഴയില്‍ നിന്ന് രക്ഷതേടി താല്‍ക്കാലിക ഷെഡുകള്‍ക്ക് താഴെ നിന്ന വഴിയോര കച്ചവടക്കാരും യാത്രക്കാരുമാണ് അപകടത്തില്‍പെട്ടത്. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ സ്ഥലവും പരിക്കേറ്റവരെയും സന്ദര്‍ശിച്ചു. മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് അദ്ദേഹം അഞ്ചു ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു. സംഭവത്തില്‍ കര്‍ണാടക സര്‍ക്കാര്‍ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു.
















