പാലക്കാട്: കൊടും ചൂട് തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യുന്ന പാലക്കാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നേരിട്ടുള്ള ക്ലാസുകള്‍ താല്‍ക്കാലികമായി നിര്‍ത്തി വെക്കാന്‍ കലക്ടറുടെ
നിര്‍ദേശം. കോളജുകള്‍ (പ്രൊഫഷണല്‍/ടെക്നിക്കല്‍ ഉള്‍പ്പെടെ), കോച്ചിങ് സെന്ററുകള്‍ ഉള്‍പ്പെടെ ഇന്നു മുതല്‍ നിര്‍ത്തി വെക്കാന്‍ നിര്‍ദ്ദേശിച്ചാണ് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സണ്‍ കൂടിയായ കലക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ക്ലാസുകള്‍ ഓണ്‍ലൈനിലേക്ക് മാറ്റണമെന്നും നിര്‍ദേശമുണ്ട്.
ജില്ലയില്‍ നിലവിലെ താപനില 40.1 ഡിഗ്രി സെല്‍ഷ്യസ് എത്തുകയും (ഫീല്‍ഡ് ടെംപറേച്ചര്‍
45 ഡിഗ്രി സെല്‍ഷ്യസ് വരെ) ഉയര്‍ന്ന യുവി ഇന്‍ഡക്സ്, ഹീറ്റ് സ്ട്രോക്ക്, ഡീഹൈഡ്രേഷന്‍ എന്നിവയ്ക്കുള്ള സാധ്യത, ക്ലാസ് മുറികളിലെ മിതമായ താപനില, വെന്റിലേഷന്‍ സൗകര്യങ്ങളുടെ അഭാവം, വരും ദിവസങ്ങളില്‍ താപനില കുറയാനുള്ള സാധ്യതയില്ലെന്നതുള്‍പ്പെടെയുള്ള സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് തീരുമാനം. താപനില 37 ഡിഗ്രി സെല്‍ഷ്യസില്‍ താഴെ തുടര്‍ച്ചയായ രണ്ട് ദിവസങ്ങള്‍ രേഖപ്പെടുത്തിയാല്‍ മാത്രമേ ഉത്തരവ് പിന്‍വലിക്കപ്പെടുകയുള്ളുവെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.
യൂണിവേഴ്സിറ്റി/ ബോര്‍ഡുകള്‍ അംഗീകരിച്ച ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലൂടെ ക്ലാസുകള്‍ ,
പരീക്ഷകള്‍ ഉള്‍പ്പെടെയുള്ള അക്കാദമിക്ക് പ്രവര്‍ത്തനങ്ങള്‍ നടത്താവുന്നതാണ്. ഓണ്‍ലൈന്‍ ഉപാധികളിലൂടെ മാത്രം ക്ലാസുകളുടെ തുടര്‍ച്ചയും ഹാജര്‍ നിലയും നിലനിര്‍ത്തണം. അതു വഴി ഒരു വിദ്യാര്‍ഥിക്കും അക്കാദമിക്ക് തലത്തില്‍ നഷ്ടങ്ങള്‍ ഉണ്ടാകരുതെന്നും ഉത്തരവില്‍ പറയുന്നു. നിശ്ചയിച്ച പരീക്ഷകളും പ്രാക്ടിക്കല്‍ ക്ലാസുകളും മിതമായ താപനിലയില്‍, കുടിവെള്ളം, ഒആര്‍എസ് ലായനി എന്നിവ ഉറപ്പാക്കി കൊണ്ട് നടത്താം. ഒഴിച്ചുകൂടാന്‍ പറ്റാത്തതും ഓണ്‍ലൈനായി സാധ്യമാകാത്തതുമായ ലാബോറട്ടറി, ക്ലിനിക്കല്‍, പ്രാക്ടിക്കല്‍ പരീക്ഷകള്‍ എന്നിവ ചെറിയ ബാച്ചുകളായി രണ്ട് മണിക്കൂറില്‍ കൂടാത്ത സമയ പരിധിക്കുള്ളില്‍ മതിയായ വെന്റിലേഷനോടെയും മിതമായ താപനിലയും ഉറപ്പാക്കി കൊണ്ട് നടത്താവുന്നതാണ്.
















