വടകര: നിലവിലെ യുദ്ധ സാഹചര്യത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ അടിയന്തരമായി ചാര്‍ട്ടേഡ് വിമാനങ്ങള്‍
ഏര്‍പ്പെടുത്തണമെന്ന് ഷാഫി പറമ്പില്‍ എംപി ആവശ്യപ്പെട്ടു. കോവിഡ് കാലത്ത് ഇത്തരത്തില്‍ യാത്രാസൗകര്യം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ മുന്‍കൈയെടുത്തിരുന്ന കാര്യം വ്യോമയാന മന്ത്രി രാം മോഹന്‍ നായിഡുവിന് അയച്ച കത്തില്‍ എംപി ചൂണ്ടിക്കാട്ടി.
സൗദി അറേബ്യ ഒഴികെ മറ്റു ഗള്‍ഫ് രാജ്യങ്ങളിലെ മിക്കവാറും അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ അടച്ചിട്ട സാഹചര്യത്തില്‍ നിരവധി ഇന്ത്യക്കാരാണ് ഇവിടങ്ങളില്‍ നാട്ടിലേക്ക് മടങ്ങാനാവാതെ പ്രതിസന്ധിയിലായിരിക്കുന്നത്. അടിയന്തര വൈദ്യസഹായം
ആവശ്യമുള്ളവരും വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് നാട്ടില്‍ എത്തേണ്ടവരും ഹ്രസ്വകാല വിസയില്‍ എത്തിയവരും പ്രയാസം നേരിടുകയാണ്. യാത്ര മുടങ്ങിയതോടെ വിസ കാലാവധി കഴിഞ്ഞത് മൂലം നിയമപ്രശ്‌നങ്ങളും സാമ്പത്തിക പ്രയാസങ്ങളും ഇവരുടെ പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമാക്കിയിരിക്കുകയാണെന്ന് എംപി കത്തില്‍ പറഞ്ഞു. പ്രതിസന്ധി മുതലെടുത്ത് ടിക്കറ്റ് നിരക്കുകള്‍ ഭീമമായി വര്‍ധിപ്പിച്ചു വിമാന കമ്പനികള്‍ നടത്തുന്ന ചൂഷണവും ഗൗരവമായി പരിശോധിച്ചു നടപടി വേണമെന്നും എംപി ആവശ്യപ്പെട്ടു.
















