
ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷം തുടരുമ്പോഴും രാജ്യത്ത് ഊർജ്ജസുരക്ഷിതത്വം ഉറപ്പാക്കിയിട്ടുണ്ടെന്ന് കേന്ദ്രം. ഇന്ത്യയുടെ ഇന്ധന സ്ഥിതിയിൽ നിലവിൽ ആശങ്കപ്പെടേണ്ട
കാര്യമില്ലെന്നും പശ്ചിമേഷ്യൻ മേഖലയിലെ അസ്ഥിരത ഉണ്ടായിരുന്നിട്ടും പെട്രോളിയം ഉത്പന്നങ്ങളുടെയും എൽപിജിയുടെയും മതിയായ വിതരണം നിലനിർത്തുന്നുണ്ടെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി. പശ്ചിമേഷ്യൻ പ്രതിസന്ധി ഇന്ത്യയിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ ഡൽഹിയിൽ രാജ്നാഥ് സിങ് വിളിച്ച് ചേർത്ത സർവകക്ഷി യോഗത്തിലാണ് രാജ്യത്തെ ഇന്ധനലഭ്യത സംബന്ധിച്ച വിവരങ്ങൾ പങ്കുവച്ചത്.
നിലവിൽ ഇന്ത്യ പ്രതിസന്ധി നേരിടുന്നില്ല. കൂടുതൽ ഇന്ധനകപ്പലുകൾ ഇന്ത്യയിലേക്ക് എത്തുന്നുണ്ടെന്ന് കേന്ദ്രം വ്യക്തമാക്കി. ഇന്ത്യയുടെ എൽപിജി ആവശ്യകതയുടെ 60 ശതമാനത്തോളം ആഭ്യന്തര ഉത്പാദനത്തിലൂടെയാണ് നിറവേറ്റുന്നതെന്നും ബാക്കിയുള്ളവ ഇറക്കുമതിയിലൂടെയും വിതരണ ആസൂത്രണത്തിലൂടെയും കൈകാര്യം ചെയ്യുന്നുണ്ടെന്നും
പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി അറിയിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട തടസ്സങ്ങൾ ഉണ്ടാകുമെന്ന ആശങ്കകൾക്കിടയിലും നിർണായക ഇന്ധന വിതരണവുമായി കൂടുതൽ കപ്പലുകൾ ഇന്ത്യയിലേക്ക് യാത്ര തിരിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ നേതാക്കളെ അറിയിച്ചു. അമിത് ഷാ, ജെപി നദ്ദ, നിർമല സീതാരാമൻ, പ്രതിപക്ഷ നേതാക്കൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
















