തിരുവള്ളൂര്‍: തൊഴിലുറപ്പ് പദ്ധതി നടത്തിപ്പില്‍ അനാസ്ഥ ആരോപിച്ച് തിരുവള്ളൂരില്‍ യുഡിഎഫ് സമരത്തിന്. തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 20 വാര്‍ഡുകളിലായി 60
റോഡുകളുടെ പണി നടക്കേണ്ടതുണ്ടെങ്കിലും അനാസ്ഥ കാരണം മുടങ്ങിയെന്നാണ് ആക്ഷേപം.
കഴിഞ്ഞ ഭരണ സമിതി റോഡ് നിര്‍മ്മാണത്തിന്റെ മെറ്റീരിയല്‍ ഇറക്കാനുള്ള ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിക്കുകയും ഒരു റോഡിന്റെ പ്രവൃത്തി നടത്തുകയും ചെയ്തിരുന്നു. പുതിയ ഭരണസമിതിക്ക് മൂന്നു മാസം കഴിഞ്ഞിട്ടും കരാറുകാരനെ കൊണ്ട് പ്രവൃത്തി ചെയ്യിക്കാന്‍ സാധിച്ചിട്ടില്ല. ശാരീരിക പരിമിതികളുള്ള വീടുകളിലേക്കുള്പ്പെടെയുള്ള
റോഡുകളാണ് പണിമുടങ്ങി കിടക്കുന്നത്. പദ്ധതി നിര്‍വഹണത്തിലും വളരെ പിറകിലാണ് തിരുവള്ളൂര്‍ ഗ്രാമപഞ്ചായത്ത്. അമ്പത് ശതമാനം പോലും ലക്ഷ്യം കൈവരിക്കാന്‍ പഞ്ചായത്തിന് സാധിച്ചിട്ടില്ല. ആറ് മാസത്തിലധികമായി അസിസ്റ്റന്റ് എഞ്ചിനിയര്‍ പഞ്ചായത്തിലില്ല. മണിയൂര്‍ പഞ്ചായത്തിലെ എഇക്ക് തിരുവള്ളൂരിന്റെ ചാര്‍ജ്ജ് നല്‍കിയെങ്കിലും അദ്ദേഹം ട്രൈബ്യൂണലില്‍ പോയി സ്റ്റേ വാങ്ങുകയാണ് ഉണ്ടായത്. പദ്ധതിയില്‍ ഉള്‍പ്പെട്ട റോഡ് പ്രവൃത്തിയും ഇവിടെ നടക്കുന്നില്ല. അധികൃതരുടെ
അനാസ്ഥയില്‍ പ്രതിഷേധിച്ച് പഞ്ചായത്ത് ഓഫീസിനു മുമ്പില്‍ ബഹുജന ധര്‍ണ നടത്താന്‍ യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു. നാളെ (വ്യാഴം) കാലത്ത് 10 മണിക്ക് ധര്‍ണ നടക്കും. യോഗത്തില്‍ ചെയര്മാന് ആര്.രാമകൃഷ്ണന് അധ്യക്ഷത വഹിച്ചു. ശ്രീജിത്ത് എടത്തട്ട, അബ്ദുറഹ്മാന് പി, സബിത മണക്കുനി, പാലൂന്നി മൊയ്തു, എഫ്.എം.മുനീര്‍ എന്നിവര്‍ പ്രസംഗിച്ചു.















