കൊച്ചി: ചേരാനെല്ലൂര്‍ വാഹനാപകട കേസില്‍ പതിനേഴുകാരന്റെ പിതാവായ അഡീഷണല്‍ ജില്ലാ ജഡ്ജിക്കെതിരെ തെളിവ് നശിപ്പിക്കല്‍ വകുപ്പു കൂടി ചേര്‍ത്തു. ബിഎന്‍എസ് 238 വകുപ്പാണ് ചേര്‍ത്തിരിക്കുന്നത്. പുതിയ വകുപ്പ് ചേര്‍ത്ത റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച്
കോടതിയില്‍ സമര്‍പ്പിച്ചു.
അപകടം നടന്ന സ്ഥലത്ത് ജഡ്ജിയുടെ അസാധാരണമായ സാന്നിധ്യവും പൊലിസ് സ്റ്റേഷനിലെ ഇടപെടലുകളും തെളിവു നശിപ്പിക്കാനും കേസ് അട്ടിമറിക്കാനുമായുള്ള ശ്രമമാണെന്ന് കാണിച്ച് ഭദ്രകീര്ത്തി പരാതി നല്‍കിയിരുന്നു. ഇതിലാണ് പുതിയ വകുപ്പ് കൂടി ചേര്‍ത്തിരിക്കുന്നത്.
അപകടസ്ഥലത്തെ എതിര്‍കക്ഷിയുടെ അസാധാരണമായ സാന്നിധ്യത്തെ കുറിച്ച് അന്വേഷിക്കണം. അവിടെ അദ്ദേഹം എന്തൊക്കെ ചെയ്തു എന്ന് കണ്ടെത്തുന്നതിനായി അപകടസ്ഥലത്തെയും സമീപ പ്രദേശങ്ങളിലെയും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കണം. തെളിവുകള്‍ നശിപ്പിച്ചിട്ടുണ്ടോയെന്നും അന്വേഷിക്കണം.
അപകട സമയത്ത് വാഹനത്തില്‍ ഉണ്ടായിരുന്ന ജഡ്ജി എന്നെഴുതിയ ബോര്‍ഡ്
അഴിച്ചുമാറ്റിയെന്നതും ഉദ്യോഗസ്ഥരെ സ്വാധീനിച്ചെന്നതും അന്വേഷിക്കണമെന്നും ജഡ്ജിക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു. ഇതിനിടെ, ജയബാലകൃഷ്ണന്റെ കുടുംബം സ്വതന്ത്ര അന്വേഷണത്തിന് തടസം നിൽക്കുന്നുവെന്ന് പ്രോസിക്യൂഷൻ പറഞ്ഞു. പ്രോസിക്യൂട്ടർക്കെതിരെ കുടുംബം ആരോപണം ഉയർത്തിയിരുന്നു. പ്രോസിക്യൂഷൻ അലംഭാവം കാണിക്കുന്നു എന്ന കാര്യത്തിൽ വ്യക്തതയുണ്ടോ എന്ന് കോടതി ചോദിച്ചപ്പോൾ വ്യക്തമായ ഉത്തരം നൽകാൻ ജയബാലകൃഷ്ണന്റെ കുടുംബത്തിന് സാധിച്ചിരുന്നില്ല. അടച്ചിട്ട കോടതി മുറിയിൽ
വിവരങ്ങൾ നൽകാമെന്നും കുടുംബം പറഞ്ഞു. അതിനാൽ, കേസിന്റെ തുടർവാദങ്ങൾ ഇനി അടച്ചിട്ട കോടതി മുറിയിലാകും നടക്കുക.















