വടകര: വടകര നഗരത്തിലെ തകര്‍ന്ന റോഡുകള്‍ നന്നാക്കാത്തതില്‍ പ്രതിഷേധിച്ച് എസ്ടിയു, സിഐടിയു സംഘടനകള്‍ പ്രഖ്യാപിച്ച സമരം മുനിസിപ്പല്‍ ചെയര്മാന് നല്കിയ ഉറപ്പിനെ
തുടര്‍ന്ന് പിന്‍വലിച്ചു. തകര്‍ന്നുതരിപ്പണമായ മുഴുവന്‍ റോഡുകളും അടിയന്തരമായി അറ്റകുറ്റപ്പണി നടത്തി ഗതാഗതയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് എസ്ടിയു ഓട്ടോ സെക്ഷന്‍ ടൗണ്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നവംബര്‍ 3ന് മുനിസിപ്പല്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് മുനിസിപ്പല്‍ ചെയര്മാന് പി.കെ.ശശിയുടെ ചേംബറില്‍ നടന്ന ചര്‍ച്ചയില്‍ നവംബര്‍ 25-നകം മുഴുവന്‍ റോഡുകളും അറ്റകുറ്റപ്പണി നടത്തി ഗതാഗതയോഗ്യമാക്കുമെന്ന് ഉറപ്പുനല്‍കിയ സാഹചര്യത്തില്‍ സമരം താല്‍ക്കാലികമായി പിന്‍വലിച്ചതായി എസ്ടിയു അറിയിച്ചു. നവംബര്‍ നാലിന് നഗരസഭയിലേക്ക് നടത്താന്‍ തീരുമാനിച്ച മാര്‍ച്ച് ചെയര്മാന് നല്കിയ ഉറപ്പിന്റെ
അടിസ്ഥാനത്തില്‍ മാറ്റി വെക്കാന്‍ തീരുമാനിച്ചതായി ഓട്ടോ-ടാക്സി ലൈറ്റ് മോട്ടോര്‍ വര്‍ക്കേഴ്സ് യൂണിയന് സിഐടിയു വടകര ടൗണ്‍ സെക്ഷന്‍ കമ്മിറ്റി അറിയിച്ചു.
48 വാര്‍ഡുകളിലേയും പൊട്ടിപ്പൊളിഞ്ഞ മുഴുവന്‍ റോഡുകളും നവംബര്‍ 20 ന് മുമ്പ് ഗതാഗതയോഗ്യമാക്കുമെന്ന് ചര്‍ച്ചയില്‍ നഗരസഭാ ചെയര്മാന് ഉറപ്പ് നല്കി. ഉറപ്പ് പാലിക്കാത്ത പക്ഷം 21 ന് നഗരസഭാ മാര്‍ച്ചുള്‍പ്പെടെയുള്ള പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട്പോകുമെന്ന് യുണിയന്‍ ഭാരവാഹികള്‍ വ്യക്തമാക്കി. ചര്‍ച്ചയില്‍ ചെയര്‍പേഴ്സണ്‍ പി.കെ.ശശി, വൈസ് ചെയര്‍പേഴ്സണ്‍ കെ.എം.ഷൈനി, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ വി.കെ.വിനു, യൂണിയനെ പ്രതിനിധീകരിച്ച് വേണു കക്കട്ടില്‍, പി.എം.സുരേഷ്, പി.കെ.റഫീഖ് എന്നിവര്‍ പങ്കെടുത്തു.














