കൊച്ചി: പ്രിയദർശിനി പദ്ധതിക്കെതിരെ സ്വകാര്യ ബസ് ഉടമകൾ പ്രഖ്യാപിച്ച അനിശ്ചിതകാല പണിമുടക്ക് നാളെ ആരംഭിക്കും. ബസുടമകളുടെ ആറ് സംഘടനകൾ
ഉൾപ്പെട്ട സംയുക്ത സമരസമിതിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. പ്രിയദർശിനി പദ്ധതി നടപ്പാക്കിയതോടെ സ്വകാര്യ ബസുകൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായെന്നും കടക്കെണിയിലേക്ക് നീങ്ങുകയാണെന്നുമാണ് ബസുടമകളുടെ ആരോപണം. സ്വകാര്യ ബസുകളിലും സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കണമെന്നും ഇതുമൂലമുണ്ടാകുന്ന സാമ്പത്തിക ബാധ്യത സർക്കാർ ഏറ്റെടുക്കണമെന്നുമാണ് സമരസമിതിയുടെ പ്രധാന ആവശ്യം.
സമരത്തിന്റെ കാര്യം ഒക്ടോബർ 16ന് സർക്കാരിനെ അറിയിച്ചിരുന്നെങ്കിലും അനുകൂല തീരുമാനമുണ്ടാകാത്ത സാഹചര്യത്തിലാണ് തുടർനീക്കമെന്ന് ബസുടമകൾ അറിയിച്ചു. കേരള ബസ് ട്രാൻസ്പോർട്ട് അസോസിയേഷൻ, ഓൾ കേരള ബസ് ഓപ്പറേറ്റേഴ്സ് ഫോറം, ഓൾ
കേരള ബസ് ഓപറേറ്റേഴ്സ് ഓർഗനൈസേഷൻ, കേരള പ്രൈവറ്റ് ബസ് ഓപറേറ്റേഴ്സ് അസോസിയേഷൻ, കേരള ബസ് ഓപറേറ്റേഴ്സ് കോ-ഓഡിനേഷൻ കമ്മിറ്റി തുടങ്ങിയ സംഘടനകളാണ് സമരത്തിന് നേതൃത്വം നൽകുന്നത്.
പ്രിയദർശിനി പദ്ധതി നടപ്പാക്കിയതോടെ സ്വകാര്യ ബസുകളിലെ യാത്രക്കാരുടെ എണ്ണവും വരുമാനവും കുറഞ്ഞതായും പല സർവിസുകളും നിർത്തേണ്ടിവന്നതായും ബസുടമകൾ ആരോപിക്കുന്നു
നാളത്തെ സമരത്തില്‍ പങ്കെടുക്കില്ലെന്ന്
അതേ സമയം നാളത്തെ സമരത്തില്‍ പങ്കെടുക്കില്ലെന്ന് കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന് വ്യക്തമാക്കി. സംസ്ഥാനത്തെ ബസുടമകളില്‍ 95 ശതമാനവും ഫെഡറേഷനോടൊപ്പമാണെന്നും വിരലിലെണ്ണാവുന്ന ബസുടമകളുടെ സംഘടനകള്‍ പ്രഖ്യാപിച്ച സമരം ജനങ്ങളെ ബാധിക്കില്ലെന്നും ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന് നേതൃത്വം അറിയിച്ചു. വടകര ഉള്‍പെടെയുള്ള മിക്ക പ്രദേശങ്ങളിലും സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തുമെന്നും ഭാരവാഹികള്‍ വ്യക്തമാക്കി.
















