
നാദാപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും രാഷ്ട്രീയപരമായും ആശയ പരമായും ഒന്നാണെന്ന് സിപിഐ സംസ്ഥാന
സെക്രട്ടറി ബിനോയ് വിശ്വം. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവര്‍ നല്‍കേണ്ട സത്യവാങ്ങ്മൂലം ഫോം 26 ല്‍ പോലും ഇരു പാര്‍ട്ടിക്കാരും സത്യം മറച്ചുവെച്ചായി അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ചന്ദ്രശേഖര്‍ സത്യവാങ്മൂലത്തില്‍ വരുമാനം മറച്ചുവച്ചു. സത്യം പറയില്ല എന്ന വാശിയില്‍ കോണ്‍ഗ്രസും ബിജെപിയും ഒരേ നിലപാടാണ്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ഭാര്യയുടെ സ്വര്‍ണാഭരണത്തിന്റെ കണക്ക് കാണിച്ചിട്ടില്ല. അദ്ദേഹം പ്രതിപക്ഷനേതാവും എംഎല്‍എയുമാണ്. ആ വരുമാനമെന്നും കാണിച്ചിട്ടില്ല. മോട്ടോര്‍ വാഹന വകുപ്പ് പിഴ ചുമത്തിയത് പോലും മറച്ചുവെച്ചതായി ബിനോയ് വിശ്വം മാധ്യമങ്ങളോട് പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബിജെപിയുടെ ചട്ടുകമായി പ്രവര്‍ത്തിക്കുകയാണ്. എല്ലാ സീമയും ലംഘിച്ചാണ് പ്രവര്‍ത്തനം. റിസല്‍ട്ട് വന്നാല്‍ 100 സീറ്റ് ലഭിച്ചില്ലെങ്കില്‍ വനവാസത്തിന് പോകുമെന്നാണ് വി.ഡി.സതീശന്‍ പറഞ്ഞത്. അദ്ദേഹം വനവാസത്തിന് പോകേണ്ടി വരുമെന്നും നാദാപുരത്ത് പി.വസന്തം ചരിത്ര ഭൂരിപക്ഷം നേടുമെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ഇ.കെ.വിജയന്‍ എംഎല്‍എയും പങ്കെടുത്തു.















