
കൊച്ചി: അച്ഛനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ മകന് വെടിവെച്ച് കൊന്നു.
അങ്കമാലി മഞ്ഞപ്രയിലാണ് സംഭവം. മഞ്ഞപ്ര വടക്കുംഭാഗം കിലുക്കൻ ജോസ് (55) ആണ്
മരിച്ചത്. അയൽവാസിയായ പോളിയാണ് ജോസിനെ വെടിവെച്ച് കൊലപ്പെടുത്തിയത്. കൊലപാതകത്തിനു പിന്നാലെ പോളി അയ്യമ്പുഴ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ഏഴ് വർഷം മുൻപ് പോളിയുടെ പിതാവ് കാളാപറമ്പൻ ജോസിനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയാണ് വെടിയേറ്റ് മരിച്ച കിലുക്കൻ ജോസ്.
കാലടിയുടേയും അയ്യമ്പുഴയുടേയും അതിർത്തിയിലുള്ള കോതായി തോട്ടിൽ കുളിക്കുകയായിരുന്ന ജോസിനു നേർക്ക് പോളി നിറയൊഴിക്കുകയായിരുന്നു. കാലടി
സ്റ്റേഷൻ പരിധിയിലാണ് കൊലപാതകം നടന്നത്. പ്രതിയായ പോളി തോക്കുമായി അയ്യമ്പള്ളി സ്റ്റേഷനിലെത്തി കീഴങ്ങുകയായിരുന്നു. കേസ് രജിസ്റ്റർ ചെയ്ത ശേഷം കാലടി പൊലീസിനു കൈമാറുമെന്നു അയ്യമ്പുഴ പൊലീസ് വ്യക്തമാക്കി.
ബാങ്കുകളിലേക്കും മറ്റും പണം കൊണ്ടു പോകുന്ന സ്വകാര്യ സെക്യൂരിറ്റി ഏജൻസിയിലെ സുരക്ഷാ ജീവനക്കാരനാണ് പോളി. ജോലിയുടെ ഭാഗമായി കിട്ടിയ ലൈസൻസുള്ള തോക്കുപയോഗിച്ചാണ് പോളി ജോസിനു നേരെ നിറയൊഴിച്ചത്. ജോസിന്റെ പുറത്താണ് വെടി കൊണ്ടത്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കളമശ്ശേരി മെഡിക്കൽ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റും.
















