
വടകര: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങള്‍ക്കിടയില്‍ നാട്ടിലേക്ക് മടങ്ങാന്‍ ശ്രമിക്കുന്ന ഗള്‍ഫ് പ്രവാസികളെ വിമാനക്കമ്പനികള്‍ കൊള്ളയടിക്കുന്നതിനെതിരെ ഷാഫി പറമ്പില്‍ എംപി രംഗത്ത്. ഇന്ത്യന്‍ പ്രവാസികളോടുള്ള വിമാനക്കമ്പനികളുടെ ചൂഷണത്തിനെതിരെ
സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് കേന്ദ്ര വ്യോമയാന മന്ത്രി രാംമോഹന്‍ നായിഡുവിന് കത്തയച്ചു. ഗള്‍ഫ് രാജ്യങ്ങളില്‍ യുദ്ധം സൃഷ്ടിച്ച ആശങ്കാജനകമായ അന്തരീക്ഷത്തില്‍ ആയിരക്കണക്കിന് പ്രവാസികള്‍ നാട്ടിലേക്ക് തിടുക്കത്തില്‍ മടങ്ങാന്‍ ആഗ്രഹിക്കുമ്പോള്‍, അവര്‍ക്ക് സഹായമെത്തിക്കുന്നതിന് പകരം വിമാനക്കമ്പനികള്‍ അമിത നിരക്ക് ഈടാക്കുന്നത് മനുഷ്യത്വരഹിതമാണെന്ന് ഷാഫി പറമ്പില്‍ കത്തില്‍ ചൂണ്ടിക്കാട്ടി.
സാധാരണ ഗതിയില്‍ ഗള്‍ഫ് സെക്ടറുകളില്‍ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന നിരക്ക് 10,000 രൂപ മുതല്‍ 15,000 രൂപ വരെയായിരിക്കെ നിലവില്‍ 50,000 രൂപയ്ക്ക് മുകളിലാണ് പല
കമ്പനികളും ഈടാക്കുന്നത്. ഏകദേശം 300 മുതല്‍ 400 ശതമാനം വരെയുള്ള ഈ വിലവര്‍ദ്ധനവ് സാധാരണക്കാരായ തൊഴിലാളികളുടെ നിസ്സഹായാവസ്ഥയെ മുതലെടുക്കലാണെന്ന് എംപി കുറ്റപ്പെടുത്തി. പല വിമാനക്കമ്പനികളും നേരത്തെ കുറഞ്ഞ നിരക്കില്‍ ടിക്കറ്റ് ബുക്ക് ചെയ്ത ഷെഡ്യൂള്‍ഡ് വിമാനങ്ങള്‍ റദ്ദാക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. പകരം ഇതേ റൂട്ടുകളില്‍ ‘റിലീഫ് ഫ്‌ലൈറ്റുകള്‍’ എന്ന പേരില്‍ നാലിരട്ടി വരെ ചാര്‍ജ് ഈടാക്കിയാണ് സര്‍വീസുകള്‍ നടത്തുന്നത്. ഇത്തരത്തിലുള്ള അധാര്‍മികമായ ബിസിനസ് രീതികളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് ഷാഫി പറമ്പില്‍ ആവശ്യപ്പെട്ടു.
ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയുടെ നെടുംതൂണായ പ്രവാസികളെ ഇത്തരം പ്രതിസന്ധി ഘട്ടങ്ങളില്‍ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
















