
നാദാപുരം: 13 വയസുള്ള ബാലികയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിലെ പ്രതിക്ക് 53 വര്‍ഷം കഠിനതടവും രണ്ട് ലക്ഷത്തി പതിനായിരം രൂപ പിഴയും ശിക്ഷ.
നൊച്ചാട് പഞ്ചായത്തിലെ മുളിയങ്ങല്‍ സ്വദേശി ചേരമ്പറ്റ മീത്തല്‍ മുഹമ്മദ് റെയ്ഹാനെ (41) യാണ് നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജി ദേവന്‍.കെ.മേനോന്‍ ശിക്ഷിച്ചത്.
2023 ഓഗസ്ത് 14,19 തിയ്യതികളില്‍ ലൈംഗിക അതിക്രമത്തിനും ബലാല്‍സംഗത്തിനും ഇരയാക്കിയെന്നാണ് കേസ്. സ്‌കൂള്‍ ടീച്ചര്‍ മുഖേന ചൈല്‍ഡ് ലൈനില്‍ വിവരമറിയിക്കുകയും കുട്ടിയുടെ മൊഴി പോലീസ് രേഖപ്പെടുത്തുകയുമായിരുന്നു. ബലാത്സംഗത്തിനും പോക്‌സോ നിയമപ്രകാരമുള്ള വകുപ്പുകളുടെയും അടിസ്ഥാനത്തില്‍
കേസെടുത്ത പേരാമ്പ്ര പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. 2024 ഫെബ്രുവരി 28 മുതല്‍ പ്രതി വിചാരണ തടവുകാരനായി കഴിഞ്ഞു വരികയാണ്. കേസില്‍ പ്രോസിക്യൂഷന്‍ ഭാഗത്തുനിന്ന് 13 സാക്ഷികളെ വിസ്തരിക്കുകയും 21 രേഖകളും 4 തൊണ്ടി മുതലുകളും ഹാജരാക്കുകയും ചെയ്തു. പേരാമ്പ്ര പോലീസ് ഇന്‍സ്‌പെക്ടര്‍ എം.എ.സന്തോഷ്, സബ് ഇന്‍സ്പെക്ടര്‍ കെ.പി.വിനോദ്കുമാര്‍ എന്നിവരാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ മനോജ് അരൂര്‍ ഹാജരായി.
















