
ന്യൂഡല്‍ഹി: കേന്ദ്രവിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കിയേ തീരൂ എന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റ
വിദ്യാര്‍ഥികള്‍ക്കൊപ്പം ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനം നടത്തിയാണ് പ്രധാനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കാതെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കിയത്. വിദ്യാര്‍ഥികള്‍ക്ക് മൂന്ന് ആവശ്യങ്ങളുണ്ടെന്നും ഇവയില്‍ വിട്ടുവീഴ്ച ചെയ്യാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ‘അഴിമതിക്കാരനും കഴിവുകെട്ടവനും തെറ്റായ നിലപാടുകളുള്ളവനുമായ വിദ്യാഭ്യാസ മന്ത്രിയെ പുറത്താക്കണം എന്നതാണ് ആദ്യത്തെ ആവശ്യം.’ പ്രധാനിനെ പുറത്താക്കുന്നതിന് പകരം മറ്റൊരു വകുപ്പിലേക്ക് മാറ്റുന്നതിനെക്കുറിച്ച് നരേന്ദ്ര മോദി മന്ത്രിസഭയില്‍ ചില ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.
ഇത് ആര്‍ക്കും സ്വീകാര്യമല്ല. ധര്‍മേന്ദ്ര പ്രധാനെ ഇങ്ങോട്ടും അങ്ങോട്ടും മാറ്റുന്നതിനെക്കുറിച്ച്
യാതൊരു ചര്‍ച്ചയും ഉണ്ടാകാന്‍ പോകുന്നില്ല. ധര്‍മേന്ദ്ര പ്രധാനെ പുറത്താക്കണം- അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ദിവസങ്ങളില്‍ നിരവധി കുട്ടികള്‍ക്ക് ലാത്തിച്ചാര്‍ജിലും പെല്ലറ്റ് ആക്രമണത്തിലും പരിക്കേറ്റു. ഇത്തരത്തില്‍ വിദ്യാര്‍ഥികളെ ആക്രമിച്ചവര്‍ക്കും ആക്രമണത്തിന് നിര്‍ദേശം നല്‍കിയവര്‍ക്കും എതിരേ നടപടി എടുക്കണം. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ കുട്ടികളോടും യുവാക്കളോടും മാപ്പ് പറയണം. ഈ മൂന്ന് ആവശ്യങ്ങളിലും വിട്ടുവീഴ്ചയ്ക്ക് കുട്ടികള്‍ തയ്യാറാവില്ല.
നരേന്ദ്ര മോദിയുടെ കാലം കഴിഞ്ഞു. കഴിഞ്ഞ കാലത്തിന് ഒരിക്കലും ഭാവിയോട് പോരാടാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
















