
വടകര: എംഡിഎംഎ വില്‍പനയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകള്‍ നടത്തി വന്ന ഒരു യുവതി കൂടി പിടിയില്‍. കൂരാച്ചുണ്ട് ചെറുക്കാട് കൊല്ലനാരി വീട്ടില്‍ കാവ്യയെയാണ് (29)
വടകര പോലീസ് അറസ്റ്റ് ചെയ്തത്. നേരത്തെ, മരുതോങ്കര സ്വദേശിയായ കീര്‍ത്തനയെ പോലീസ് പിടികൂടിയിരുന്നു. കീര്‍ത്തനയെ ചോദ്യം ചെയ്തതില്‍ നിന്നാണ് അന്വേഷണം കാവ്യയിലേക്ക് എത്തിയതും പിടിയിലാവുന്നതും. ഇരുവരും അധ്യാപികമാരാണ്.
മയക്കുമരുന്ന് ആവശ്യമുള്ളവര്‍ ഇവരുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് പണം അയച്ചിരുന്നത്. എന്നാല്‍ ഇവര്‍ നേരിട്ട് ലഹരിമരുന്ന് കൈമാറിയിരുന്നില്ല. പണം അക്കൗണ്ടില്‍ എത്തിയെന്ന് ഉറപ്പാക്കിയ ശേഷം മറ്റൊരു വ്യക്തി വഴിയാണ് ആവശ്യക്കാര്‍ക്ക് മയക്കുമരുന്ന് എത്തിച്ചു നല്‍കിയിരുന്നത്. ലക്ഷക്കണക്കിന് രൂപയുടെ സാമ്പത്തിക ഇടപാടുകളാണ് ഈ അധ്യാപികമാരുടെ അക്കൗണ്ട് വഴി നടന്നതെന്ന് പരിശോധനയില്‍ പോലീസ് കണ്ടെത്തിയിട്ടുണ്ട്.
രണ്ടാഴ്ച മുമ്പ് രണ്ടു ഗ്രാം എംഡിഎംഎയുമായി പിടിയിലായ വടകര ആവിക്കലിലെ സഫുവാന്‍
എന്നയാളുടെ ഫോണ്‍ രേഖകളും ബാങ്ക് അക്കൗണ്ടും പരിശോധിച്ചപ്പോഴാണ് അന്വേഷണം ഈ യുവതികളിലേക്ക് എത്തിയത്. വടകര പോലീസും ജില്ലാ പോലീസ് മേധാവിയുടെ കീഴിലുള്ള ഡാന്‍സാഫ് സ്‌ക്വാഡും ചേര്‍ന്നാണ് സമഗ്രമായ അന്വേഷണം നടത്തി മയക്കുമരുന്ന് ഇടപാടുകളുടെ പിന്നിലെ കണ്ണികളെ കണ്ടെത്തിയിരിക്കുന്നത്.
ആസൂത്രിതമായ രീതിയിലാണ് സംഘത്തിന്റെ ഇടപാടുകളെന്ന് പോലീസ് അറിയിച്ചു. ലഹരിമരുന്ന് ആവശ്യമുള്ളവര്‍ യുവതികളുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം അയക്കാനാണ് കടത്തുകാര്‍ നിര്‍ദേശിച്ചിരുന്നത്. പണം അക്കൗണ്ടില്‍ എത്തിയെന്ന് ഉറപ്പുവരുത്തിയാല്‍ ആവശ്യക്കാര്‍ക്ക് ലൊക്കേഷന്‍ അയച്ചുനല്‍കുകയും ഈ ലൊക്കേഷനില്‍ മറ്റൊരു വ്യക്തി എത്തി എംഡിഎംഎ കൈമാറുകയും ചെയ്യുകയാണ് രീതി. സാമ്പത്തിക ഇടപാടിലെ കമ്മീഷനാണ് യുവതികള്‍ക്ക് ലഭിച്ചിരുന്നത്. ഇതിനു പിന്നാലെ യഥാര്‍ഥ ഇടപാടുകാരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.
















