
വടകര: തോടന്നൂരില്‍ മുല്ലേരി ബാലന്‍ എന്നയാളുടെ വീട്ടിലേക്ക് ബോംബേറ് നടത്തിയ ക്രിമിനല്‍ നടപടിയെ സിപിഎം വടകര ഏരിയാ കമ്മറ്റി ശക്തമായി
അപലപിക്കുന്നതായി സെക്രട്ടറി ടി.പി.ഗോപാല്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഏറെ കാലമായി സമാധാന അന്തരീക്ഷം നിലനില്‍ക്കുന്ന തിരുവള്ളൂര്‍ പഞ്ചായത്തിലും പ്രത്യേകിച്ച് തോടന്നൂരിലും ബോധപൂര്‍വം ഇരുട്ടിന്റെ മറവില്‍ അക്രമണം സംഘടിപ്പിക്കുന്ന ശക്തികളെ നിഷ്പക്ഷമായ അന്വേഷണത്തിലൂടെ പുറത്ത് കൊണ്ട് വരണമെന്ന് ഏരിയാ സെക്രട്ടറി ആവശ്യപ്പെട്ടു. വീടുകള്‍ക്ക് നേരെ അക്രമണം സംഘടിപ്പിക്കുന്നത് ഒരു കാരണവശാലും പാര്‍ട്ടി അംഗീകരിക്കുന്നില്ല. യുഡിഎഫ് ഭരണ കാലത്ത് മാരകമായ ബോംബ് ആക്രമണങ്ങള്‍ സിപിഎം പ്രവര്‍ത്തകരുടെ വീടിന് നേരെ നടന്നതും അന്വേഷണം എവിടെയും എത്താതെ അവസാനിപ്പിച്ചതും ഏവര്‍ക്കും ഓര്‍മയുള്ള കാര്യമാണ്. ഇതിന്റെ പേരില്‍ രാഷ്ട്രീയ പ്രതിയോഗികള്‍ക്ക് നേരെ ഒരു പ്രത്യാക്രമണവും സിപിഎമ്മിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. വീട് എല്ലാവരുടേയും അഭയ കേന്ദ്രമാണ്. അവിടേക്ക് ഒരു സാഹചര്യത്തിലും അക്രമം
നടത്തരുതെന്ന ഉറച്ച നിലപാടാണ് പാര്‍ട്ടിക്കുള്ളത്. എന്നാല്‍ ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ തോടന്നൂര്‍ സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങുന്നതിന് മുന്‍പ് തന്നെ ‘ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമന്‍ തന്നെ’ എന്ന നിലപാട് സ്വീകരിച്ച് യുഡിഎഫ് നേതൃത്വം നിരപരാധികളെ പ്രതിയാക്കുന്നതിന് കള്ളക്കേസ് ചമക്കുകയാണ്. കഴിഞ്ഞ ദിവസം കണ്ണൂരില്‍ ആരോഗ്യ മന്ത്രിക്ക് നേരെ കെഎസ്‌യു ക്കാര്‍ നടത്തിയ അക്രമണത്തിന് മറയിടുന്നതിനുവേണ്ടിയാണ് തിരുവള്ളൂരില്‍ കോണ്‍ഗ്രസ് ശ്രമിച്ച് കൊണ്ടിരിക്കുന്നത്. തോടന്നുരിലെ പ്രകടനത്തില്‍ മുദ്രാവാക്യം വിളിച്ചവരെ പ്രതിസ്ഥാനത്ത് എത്തിക്കാനുള്ള ഗൂഢാലോചനയിലാണ് യുഡിഎഫ്. കള്ളക്കേസ് ചുമത്തിയും നിരപരാധികളെ വേട്ടയാടിയും കണ്ണൂര്‍ സംഭവം ജന ശ്രദ്ധയില്‍ നിന്ന് മായ്ച്ചുകളയാനുള്ള യുഡിഎഫ് ശ്രമം വിലപ്പോകിലെന്ന് ഏരിയാ സെക്രട്ടറി ടി.പി.ഗോപാലന്‍ പറഞ്ഞു.















