
കോഴിക്കോട്: കാര്‍ട്ടൂണും ചിത്രരചനയുമൊക്കെയായി തിളങ്ങുന്ന അച്ഛന്റെ പാതയില്‍ മകനും ചുവടുവെക്കുന്നു. ചിരിയും ചിന്തയും ഉണര്‍ത്തുന്ന ഒട്ടേറെ കാര്‍ട്ടൂണും ചിത്രങ്ങളുമായി വടകര സ്വദേശി എം.അജയകുമാര്‍ നിരവധി പ്രദര്‍ശനങ്ങള്‍ നടത്തുകയും
ആസ്വാദകരെ വിസ്മയിപ്പിക്കുകയും ചെയ്യുമ്പോഴാണ് മകന്‍ ശ്രീനന്ദും ചിത്രരചനയിലേക്ക് തിരിഞ്ഞിരിക്കുന്നത്. ഇതാദ്യമായി കോഴിക്കോട് ആര്‍ട്ട് ഗ്യാലറി ഇരുവരുടേയും ചിത്രപ്രദര്‍ശനത്തിനു വേദിയായി. അഞ്ചു ദിവസത്തെ പ്രദര്‍ശനം ഏറെ പേരെ ആകര്‍ഷിച്ചു.
ആനുകാലിക വിഷയങ്ങളില്‍ പരിഹാസവും ആക്ഷേപവും ചേര്‍ത്തുള്ള അജയകുമാറിന്റെ
കാര്‍ട്ടൂണുകള്‍ ഓരോന്നും ഇരുത്തിചിന്തിപ്പിക്കുന്നവയാണ്. ചിലത് ഓര്‍ത്തോര്‍ത്ത് ചിരിക്കാവുന്നവയും.
പെണ്ണുകാണല്‍ ചടങ്ങിനിടയില്‍ സ്ത്രീധനക്കാര്യം തീരുമാനമായാല്‍ സേവ് ദ ഡേറ്റ് എന്ന് ചെക്കന്റെ അച്ഛന്‍ പറയുമ്പോള്‍ പെണ്ണിന്റെ മറുപടി ഇങ്ങനെ ”ഈ ബന്ധം വേണ്ടച്ഛാ. സേവ് മി ഫ്രം ഡെത്ത്’
അമ്പലനടയില്‍ പയ്യനോട് തത്വമസി അറിയോ എന്ന ചോദ്യത്തിന് മെസിയെ അറിയാം എന്ന്
മറുപടി.
സാമൂഹിക വിമര്‍ശനങ്ങളാണ് അജയകുമാറിന്റെ കാര്‍ട്ടൂണുകളില്‍ നിറയെ. പുതിയ കവിതകളുമായെത്തിയ കവിയോടുള്ള പത്രാധിപരുടെ പ്രതികരണത്തില്‍ ന്യൂജന്‍ കാലം വ്യക്തമാക്കുന്നു. ഞങ്ങള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് തുടങ്ങിയെന്ന് കവിയോട് പറയുകയാണ് പത്രാധിപര്‍.
ഇത്തരം സന്ദേശങ്ങള്‍ അടങ്ങിയ അമ്പതോളം കാര്‍ട്ടൂണുകളാണ് കോഴിക്കോട്ടെ പ്രദര്‍ശനത്തിലുള്ളത്. ഓരോന്നും ആസ്വാദകരെ ഏറെ ആകര്‍ഷിക്കുന്നവ.
കക്കത്തോടുകളും ചിപ്പികളും ശേഖരിച്ച് അവയിലും
ചെറുകാന്‍വാസിലും ഒരുക്കിയ പ്രകൃതി ദൃശ്യങ്ങള്‍ ശ്രദ്ധേയമാണ്. തന്മയത്വം നിറഞ്ഞ കൊച്ചുചിത്രങ്ങള്‍. ഇവ പുത്തന്‍ അനുഭവമായെന്ന് കലാസ്‌നേഹികള്‍ അഭിപ്രായപ്പെടുന്നു.
ചിത്രകലാ അധ്യാപകനും കാര്‍ട്ടൂണിസ്റ്റുമായ അജയകുമാര്‍ മലബാറില്‍ പലയിടത്തും പ്രദര്‍ശനം നടത്തിയിട്ടുണ്ട്. വരക്കൊപ്പം കഥ, കവിതാ രചനകളും നടത്തുന്ന അജയകുമാര്‍ പന്ത്രണ്ട് പുസ്തകങ്ങള്‍ പുറത്തിറക്കി. ഈയിടെ ഭാരത് സേവക് സമാജിന്റെ മികച്ച ചിത്രകാരനുള്ള അവാര്‍ഡ് അദ്ദേഹത്തെ തേടിയെത്തി.
അച്ഛന്റെ ചുവട് പിടിച്ചാണ് മകന്‍ ശ്രീനന്ദിന്റെ വരവ്. തലശ്ശേരി സാന്‍ജോസ്
മെട്രോപൊളിറ്റന്‍ സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിയായ ശ്രീനന്ദ് ഇരുത്തംവന്ന കലാകാരനെന്ന് തോന്നിപ്പിക്കും വിധമാണ് ചിത്രങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ഇവ ആസ്വാദകരുടെ അഭിനന്ദനം പിടിച്ചുപറ്റുകയാണ്.
സഹകരണ സംഘം റിട്ട. ജോയിന്റ് രജിസ്ട്രാര്‍ പരേതനായ എം.ശ്രീധരന്റെയും വസന്തയുടെയും മകനായ അജയകുമാര്‍ തലശ്ശേരി ധര്‍മടത്താണ് താമസം. ഭാര്യ: സോന. മൂത്ത മകന്‍ ശ്രീനിവേദ് പഞ്ചാബില്‍ എഐ ആന്റ് വെര്‍ച്വല്‍ റിയാലിറ്റി ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയാണ്.
















