
കോട്ടപ്പള്ളി: ദേശീയപാതക്കു വേണ്ടി തുടരുന്ന മണ്ണ് ഖനനം ചെമ്മരത്തൂര്‍ ഉപ്പിലാറ മലയെ അനുദിനം നാമാവശേഷമാക്കുകയാണെന്ന പരാതിക്കു പിന്നാലെ സമീപപ്രദേശമായ മീങ്കണ്ടിയിലും ഭീഷണി. മീങ്കണ്ടിയില്‍ പുതിയൊരു ഖനനകേന്ദ്രം ആരംഭിക്കാനുള്ള ശ്രമം
നടക്കുന്നതായാണ് പരാതി. കാപ്പങ്ങാടി ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിനടുത്തുള്ള മീത്തലെ പറമ്പത്ത് നിന്ന് ദേശീയ പാതക്കു വേണ്ടി പുതിയ മണ്ണ് ഖനനം ആരംഭിക്കാനാണ് ശ്രമം. കാപ്പങ്ങാടിയില്‍ നിന്നു ടെസ്റ്റ് ഗ്രൗണ്ടിലേക്കുള്ള റോഡിലൂടെയാണ് ഖനന സ്ഥലത്ത് എത്താന്‍ കഴിയുക. വളരെ ഇടുങ്ങിയ റോഡാണിത്.
പാലങ്ങളും കനാല്‍ പാലവും ദുര്‍ബലമാണ്. കാപ്പങ്ങാടി-ടെസ്റ്റ് ഗ്രൗണ്ട് റോഡ് അടുത്ത കാലത്ത് നവീകരിച്ചതാണ്. ഇതു വഴി ടോറസ് ലോറികള്‍ മണ്ണുമായി പോയാല്‍ റോഡ്
തകരുമെന്നാണ് പരാതി. ഇരുവശങ്ങളില്‍ നിന്നും ചെറിയ വാഹനങ്ങള്‍ വന്നാല്‍ പോലും സഞ്ചരിക്കാന്‍ പ്രയാസമാണ് ഇവിടെ.
കാവില്‍- തീക്കുനി റോഡിന്റെ മീങ്കണ്ടിത്താഴെ ഭാഗം ഇപ്പോള്‍ തന്നെ പൂര്‍ണമായി തകര്‍ന്നിരിക്കുകയാണ്. അടുത്തിടെയാണ് റോഡിന്റെ അരികുകള്‍ കെട്ടി സംരക്ഷിച്ചത്. ഈ ഭാഗമാണ് തകര്‍ന്നു കിടക്കുന്നത്. ഭാവി തലമുറയെ ദോഷകരമായി ബാധിക്കുന്ന ഖനനാനുമതി റദ്ദാക്കാന്‍ റവന്യൂ അധികൃതര്‍ തയ്യാറാകണമെന്ന് കോണ്‍ഗ്രസ് തിരുവള്ളൂര്‍ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ശ്രീജിത്ത് എടത്തട്ട ആവശ്യപ്പെട്ടു.
















