
വടകര: ശക്തമായ മഴയും പ്രകൃതിക്ഷോഭവും കണക്കിലെടുത്ത് മുന്‍കരുതല്‍ നടപടി സ്വീകരിച്ചതായി വടകര ആര്‍ഡിഒ കെ.കെ.പ്രസീല്‍ അറിയിച്ചു. കഴിഞ്ഞ
രാത്രി മുതല്‍ മലയോര മേഖലകളിലും മറ്റു പ്രദേശങ്ങളിലും കനത്ത മഴ തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. ചിലയിടങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്.
ഏറ്റവും കൂടുതല്‍ ദുരിതം ബാധിച്ചത് വിലങ്ങാട് വില്ലേജിലാണ്. മുന്‍വര്‍ഷം ഉരുള്‍പൊട്ടലുണ്ടായ ‘മഞ്ഞച്ചീളിലും പരിസര പ്രദേശങ്ങളിലുമുള്ള 32-ഓളം കുടുംബങ്ങളെ അടിയന്തരമായി മാറ്റിപ്പാര്‍പ്പിച്ചു . ഇതില്‍ 10 കുടുംബങ്ങള്‍ ബന്ധുവീടുകളിലേക്ക് മാറി. മൂന്നു കുടുംബങ്ങള്‍ ഇതിനകം തന്നെ മാറിപ്പോയിട്ടുണ്ട്. ബാക്കിയുള്ള 22 കുടുംബങ്ങളെ
സമീപത്തുള്ള യുപി സ്‌കൂളിലേക്ക് മാറ്റുന്നതിനുള്ള നടപടികള്‍ നടന്നുവരുന്നു.
താലൂക്ക് തഹസില്‍ദാര്‍, വില്ലേജ് ഓഫീസര്‍മാര്‍, പോലീസ്, പഞ്ചായത്ത് അധികൃതര്‍ എന്നിവര്‍ സ്ഥലത്ത് നേരിട്ടെത്തി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നുണ്ട്. മറ്റ് വില്ലേജുകളില്‍ നിലവില്‍ ആളുകളെ മാറ്റിപ്പാര്‍പ്പിക്കേണ്ട ഗുരുതരമായ സാഹചര്യമില്ല. താലൂക്കുകളിലെ എല്ലാ വില്ലേജ് ഓഫീസുകളും അതീവ ജാഗ്രതയിലാണ്. അത്യാഹിതങ്ങള്‍ നേരിടാന്‍ ക്യാമ്പുകള്‍ പൂര്‍ണസജ്ജമാണ്.
വടകരയിലുയം കൊയിലാണ്ടിയിലവെയും തീരദേശ മേഖലകളില്‍ നിലവില്‍ വന്‍തോതിലുള്ള പ്രശ്‌നങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും വടകര ആര്‍ഡിഒ കെ.കെ.പ്രസീല്‍ പറഞ്ഞു .
















