വടകര: തദ്ദേശ തെരഞ്ഞെടുപ്പിനെത്തുടര്‍ന്ന് കുന്നുമ്മല്‍ പഞ്ചായത്തിലെ സിപിഐ നേതാവും സ്വകാര്യ ബസ് കണ്ടക്ടറുമായ എം.പി.ദിവാകരനെ
ആക്രമിച്ച് പരിക്കേല്‍പ്പിച്ച ക്രിമിനലുകളെ എത്രയും പെട്ടന്ന് അറസ്റ്റ് ചെയ്യണമെന്ന് ആര്‍എംപിഐ കോഴിക്കോട് ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു. സിപിഐ മുറുവശേരി ബ്രാഞ്ച് സെക്രട്ടറിയും ബസ് കണ്ടക്ടറുമായ ദിവാകരനെ ഡിസംബര്‍ 31 ന് കാലത്താണ് വടകര ബസ് സ്റ്റാന്റില്‍ വെച്ച് ക്രിമിനല്‍ സംഘം മാരകായുധങ്ങളുമായി പതിയിരുന്ന് ആക്രമിച്ചത്. ഗുരുതരമായ പരിക്കേറ്റ ദിവാകരന്‍ ആഴ്ചകളോളം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. കാര്യക്ഷമമായ അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ സത്വര നടപടികള്‍ സ്വീകരിക്കണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു. ആഴ്ചകള്‍ പലത് കഴിഞ്ഞിട്ടും വടകര പൊലീസിന് പ്രതികളെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് വടകരയിലെ ബസ് ജീവനക്കാര്‍ ഒരു ദിവസം പണിമുടക്ക് നടത്തിയിരുന്നു. പരിക്കേറ്റ് ചികിത്സയിലുള്ള ദിവാകരനെ ആര്‍എംപിഐ ജില്ലാ സെക്രട്ടറി കുളങ്ങര ചന്ദ്രന്‍, ചെയര്‍മാന്‍ എന്‍.പി.ഭാസ്‌കരന്‍, കുന്നുമ്മല്‍ ഏരിയാ സെക്രട്ടറി കെ.ടി.ഷാജി, പാര്‍ട്ടി നേതാക്കളായ ഇ.സി.ബാലന്‍, ഒ.പി.ബാബു, വി.സി.കൃഷ്ണന്‍ തുടങ്ങിയവര്‍ സന്ദര്‍ശിച്ചു.















