തിരുവനന്തപുരം: അടുത്ത അധ്യയന വര്‍ഷത്തെ പാഠപുസ്തകങ്ങളുടെ വിതരണം മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിച്ചു. തിരുവനന്തപുരം പട്ടം
സെന്റ് മേരീസ് സ്കൂളില്‍ നടന്ന പരിപാടിയില്‍ സൗജന്യ കൈത്തറി യൂണിഫോമിന്റെ വിതരണവും അദ്ദേഹം നിര്‍വഹിച്ചു. അധ്യയന വര്‍ഷം അവസാനിക്കുന്നതിന് മുന്‍പ് തന്നെ പുസ്തകങ്ങള്‍ കൈമാറുന്നതിലൂടെ കുട്ടികള്‍ക്ക് അവധിക്കാലം ഫലപ്രദമായി വിനിയോഗിക്കാന്‍ കഴിയുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഫെബ്രുവരിയില്‍ തന്നെ വിതരണം ആരംഭിച്ചതിലൂടെ ജൂണില്‍ സ്കൂള്‍ തുറക്കുമ്പോള്‍ പുസ്തകത്തിനായി കാത്തിരിക്കേണ്ട അവസ്ഥ ഒഴിവാകും. മാര്‍ച്ചില്‍ സ്കൂളുകള്‍ അടച്ചാല്‍ പിന്നീട് ജൂണിലാണ് തുറക്കുന്നത്. ഒമ്പതാം ക്ലാസിലെ കുട്ടികള്‍ അടുത്ത വര്‍ഷം പത്താം ക്ലാസിലേക്ക് കടക്കുന്നതിനാല്‍ അവധിക്കാലത്ത് ഗൗരവമായ പഠനത്തിലാകും. ഇത് മുന്‍കൂട്ടി കണ്ടാണ് പുസ്തകങ്ങള്‍ ഇപ്പോള്‍ തന്നെ നല്‍കുന്നത്. അവധിക്കാലത്ത് കളികള്‍ക്കൊപ്പം നിശ്ചിത സമയം മാറ്റിവെച്ച് അടുത്ത ക്ലാസിലെ പാഠങ്ങള്‍ നോക്കാനും ഇത് സഹായിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.















