വടകര: കര്‍ണാടകത്തില്‍ നിന്നു കാറില്‍ കടത്തിക്കൊണ്ട് വരികയായിരുന്ന മയക്കുമരുന്നുമായി പിടിയിലായ രണ്ട് പ്രതികള്‍ക്ക് 12 വര്‍ഷം കഠിന തടവും ഒന്നര ലക്ഷം രൂപ വീതം പിഴയും ശിക്ഷ. കണ്ണൂര്‍ ഇരിട്ടി കീഴൂര്‍ ഉളിയില്‍ കുന്നും കീച്ചല്‍ സായിഖര്‍ ഹൗസില്‍ ജസീര്‍ എസ് എം(44), ഇരിട്ടി ഉളിയില്‍ നരയന്‍പാറ പി.കെ ഹൗസില്‍ സമീര്‍ (46) എന്നിവരെയാണ് വടകര എന്‍ഡിപിഎസ് കോടതി ജഡ്ജ് വി.പി.എം സുരേഷ്ബാബു ശിക്ഷിച്ചത്.
പിഴ അടച്ചില്ലെങ്കില്‍ ആറു മാസം കൂടി കഠിന തടവ് അനുഭവിക്കണം.
ഈ കേസില്‍ കൂറുമാറിയ ആറും ഏഴും സാക്ഷികള്‍ക്കെതിരെ സിആര്‍പിസി 344 പ്രകാരം നടപടി സ്വീകരിക്കാനും കോടതി ഉത്തരവിട്ടു. സിപിഎം പായം ലോക്കല്‍ കമ്മറ്റി അംഗവും മുന്‍ ഗ്രാമ പഞ്ചായത്ത് അംഗവുമായ ഇരിട്ടി കിളിയത്തറ നടുവിലേടത്ത് പി.എന്‍.സുരേഷ് (54), നിലവില്‍ പഞ്ചായത്ത് മെമ്പറായ ഇരിട്ടി വിളമന കിളിയന്തറ മടത്തി പറമ്പില്‍ അനില്‍ എം കൃഷ്ണന്(44) എന്നിവരാണ് കൂറുമാറിയത്. കോടതിക്ക് മുന്നില്‍ തെറ്റായ തെളിവുകള്‍ നല്‍കിയതിന് നീതിയുടെ താല്പര്യം പരിഗണിച്ച് ഇവര്‍ക്കെതിരെ നടപടി തുടരാനും കോടതി ഉത്തരവിട്ടു.
2022 ഡിസംബര്‍ ഏഴിനാണ് കേസിനാസ്പദമായ സംഭവം. കര്‍ണാടക അതിര്‍ത്തിയായ കൂട്ടുപുഴ പാലത്തിന് സമീപം വാഹന പരിശോധനക്കിടയില്‍ കെഎല്‍ 58 ടി-1234 കാറില്‍ കടത്തുകയായിരുന്ന 298.10 ഗ്രാം മേത്താഫിറ്റമിന് സഹിതമാണ് പ്രതികളെ ഇരിട്ടി എസ്ഐ സുനില്‍കുമാര്‍ അറസ്റ്റ് ചെയ്തത്. സിഐ വിനോയ്.കെ.ടിയാണ് കേസ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി വി.കെ.ജോര്‍ജ് ഹാജരായി.