വടകര: മണിയൂരിലെ കോണ്‍ഗ്രസിന്റെ 100 വര്‍ഷത്തെ ചരിത്രം പുസ്തക രൂപത്തില്‍. ഗ്രന്ഥത്തിന്റെ പ്രകാശനം മാര്‍ച്ച് മൂന്ന് ഞായറാഴ്ച വൈകുന്നേരം മൂന്നിന് കുറുന്തോടി യുപി സ്കൂള്‍ ഹാളില്‍ നടക്കുമെന്ന് സംഘാടകരായ സബര്‍മതി മണിയൂര്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
മണിയൂരിലെ കോണ്‍ഗ്രസ് അനുഭാവികളായ കലാസാംസ്കാരിക പ്രവര്‍ത്തകരുടെ കുട്ടായ്മയാണ് സബര്‍മതി മണിയൂര്‍. നാലു വര്‍ഷത്തെ പരിശ്രമ ഫലമായാണ് ഗ്രന്ഥം പൂര്‍ത്തിയാക്കിയത്. വി.പി.സര്വോത്തമനാണ് 240 പേജുള്ള പുസ്തകം എഡിറ്റ് ചെയ്തിരിക്കുന്നത്.
നവോഥാന രംഗത്തും സ്വാതന്ത്ര്യസമര പ്രവര്‍ത്തനങ്ങളിലും വികസന രംഗത്തും സാംസ്കാരിക രംഗത്തും മണിയൂരിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുന്‍നിരയിലുണ്ടായിരുന്നു എന്ന് ഈ കൃതി വ്യക്തമാക്കുന്നു. വസ്തുതകള്‍ സത്യസന്ധമായി ചികഞ്ഞെടുക്കുന്നതില്‍ ഇതിന്റെ പിന്നണി പ്രവര്‍ത്തകര്‍ വിജയിച്ചിട്ടുണ്ട്. ചരിത്രരചന യാഥാര്‍ഥ്യമാക്കുന്നതില്‍ മണിയൂരിലെയും പരിസരങ്ങളിലെയും പ്രവര്‍ത്തകര്‍ ഏറെ പരിശ്രമിച്ചു. ചരിത്രസംഗമങ്ങള് നടത്തിയും പഴയകാല പ്രവര്‍ത്തകരുമായി ചര്‍ച്ചകള്‍ നടത്തിയും ചരിത്ര രേഖകള്‍ വായിച്ചും ശേഖരിച്ചുമാണ് പുസ്തകം തയ്യാറാക്കിയതെന്ന് ഇവര്‍ പറഞ്ഞു.
കെപിസിസി മീഡിയാസെല് കണ്‍വീനര്‍ പി.സരിന് പുസ്തകപ്രകാശനം നിര്‍വഹിക്കും. പ്രശസ്ത സാഹിത്യകാരന് യു.കെ.കുമാരന് പുസ്തകം ഏറ്റുവാങ്ങും. സാംസ്കാരികപ്രവര്ത്തകന് കാവില്‍ പി. മാധവന് പുസ്തകം പരിചയപ്പെടുത്തും.
വാര്‍ത്താസമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്മാന് സി.പി.വിശ്വനാഥന്, എഡിറ്റര്‍ വി.പി.സര്‍വോത്തമന്‍, വി.എം.കണ്ണന്, കുനിയില്‍ ശ്രീധരന്, മുതുവീട്ടില്‍ ബാബു, ഇസ്മായില്‍ എന്നിവര്‍ പങ്കെടുത്തു.