
വടകര: അരനൂറ്റാണ്ടിലേറെ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച തോടന്നൂര്‍ എഇഒ ഓഫീസിന് സ്വന്തം കെട്ടിടമായി. തോടന്നൂര്‍ ബ്ലോക്ക് ഓഫീസ് റോഡില്‍ നിര്‍മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം 17ന് വൈകിട്ട് നാലിന് മന്ത്രി വി.ശിവന്‍കുട്ടി നിര്‍വഹിക്കുമെന്ന് സ്വാഗതസംഘം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കെ.പി.കുഞ്ഞമ്മദ് കുട്ടി എംഎല്‍എ അധ്യക്ഷത വഹിക്കുന്ന പരിപാടിയില്‍ ഷാഫി പറമ്പില്‍ എംപി
മുഖ്യാതിഥിയാവും.
കെ പി കുഞ്ഞമ്മദ് കുട്ടി എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍നിന്ന് 1.20 കോടി രൂപ ചെലവഴിച്ചാണ് കെട്ടിടം നിര്‍മിച്ചത്. യുഎല്‍സിസിഎസാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. പരിമിത സൗകര്യത്തില്‍ ബുദ്ധിമുട്ടിയ എഇഒ ഓഫീസിന് സ്വന്തം കെട്ടിടം നിര്‍മിക്കണമെന്ന ആശയം അധ്യാപക സംഘടനകളും എച്ച്എം ഫോറവുമാണ് മുന്നോട്ടുവച്ചത്. എംഎല്‍എയും ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ പാര്‍ടി പ്രതിനിധികളും ചേര്‍ന്ന യോഗം ഓഫീസിന് സ്ഥലം വാങ്ങി നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. ജനകീയ വിഭവ സമാഹരണത്തിലൂടെ
20 ലക്ഷം രൂപ സമാഹരിച്ച് സ്ഥലം വാങ്ങി സര്‍ക്കാരിന് രജിസ്റ്റര്‍ചെയ്ത് നല്‍കി. അധ്യാപക പരിശീലനത്തിനും കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും വിവിധ ക്ലാസുകള്‍ നടത്താനാവശ്യമായ ആധുനിക സൗകര്യത്തോടെയുള്ള മള്‍ട്ടി മീഡിയ ഹാള്‍, ലൈബ്രറി, കംപ്യൂട്ടര്‍ ലാബ് എന്നിവ രണ്ടാം ഘട്ടത്തില്‍ കെട്ടിടത്തില്‍ വിഭാവനം ചെയ്തിട്ടുണ്ട്.
വാര്‍ത്താസമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ കൂടിയായ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.അഷറഫ്, എഇഒ കെ പ്രേമചന്ദ്രന്‍, ടി.സുരേഷ് ബാബു, മനുറാം എന്നിവര്‍ പങ്കെടുത്തു















