
വടകര: മാരക മയക്കുമരുന്നായ എംഡിഎംഎയുമായി ലഹരിവില്‍പ്പനക്കാരന്‍ കൈയോടെ എക്‌സൈസിന്റെ പിടിയിലായി. മാങ്ങോട്ടുപാറ സ്വദേശി കാസിം ആണ് വടകര
അടക്കാതെരുവില്‍ ആറ് ഗ്രാമിലധികം എംഡിഎംഎയുമായി പിടിയിലായത്.
ശനിയാഴ്ച രാത്രി എട്ടുമണിയോടെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇയാളില്‍ നിന്ന് ആറ് ഗ്രാമില്‍പ്പരം എംഡിഎംഎ എക്‌സൈസ് സംഘം പിടിച്ചെടുത്തു.
വിദ്യാര്‍ത്ഥികളെയും യുവാക്കളെയും ലക്ഷ്യമിട്ടാണ് കാസിം പ്രധാനമായും ലഹരി വില്‍പ്പന നടത്തിയിരുന്നത്. ഇയാള്‍ പ്രദേശത്ത് സ്ഥിരമായി മയക്കുമരുന്ന് എത്തിച്ചു നല്‍കുന്നതായി എക്‌സൈസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കുറച്ചു ദിവസങ്ങളായി വടകര എക്‌സൈസ് സംഘം ഇയാളെ രഹസ്യമായി നിരീക്ഷിച്ചു
വരികയായിരുന്നു. തുടര്‍ന്നാണ് കൃത്യമായ പ്ലാനിങ്ങിലൂടെ ഇയാളെ എക്‌സൈസ് പാര്‍ട്ടി ട്രാക്ക് ചെയ്ത് പിടികൂടിയത്.
മുമ്പും ലഹരിക്കടത്ത് കേസുകളില്‍ പ്രതിയായിട്ടുള്ള ആളാണ് കാസിം. ഇയാളുടെ പേരില്‍ വടകര എക്‌സൈസ് ഓഫീസില്‍ നേരത്തെയും മയക്കുമരുന്ന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രതിയുടെ പക്കല്‍ കൂടുതല്‍ മയക്കുമരുന്ന് ശേഖരമുണ്ടോ എന്നറിയാന്‍ ഇയാളുടെ വീടും പരിസരവും വിശദമായ പരിശോധനയ്ക്ക് വിധേയമാക്കാനുള്ള ഒരുക്കത്തിലാണ് എക്‌സൈസ് സംഘം. ഇയാള്‍ക്ക് ലഹരിമരുന്ന് എത്തിച്ചു നല്‍കുന്ന വന്‍കിട സംഘങ്ങളെക്കുറിച്ചും എക്‌സൈസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
















