
ആലപ്പുഴ: കായംകുളം എൽഡിഎഫ് സ്ഥാനാർഥി യു. പ്രതിഭയ്ക്ക് എതിരായ പരാമർശത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മുഴുവൻ സ്ത്രീകളെയും അപമാനിക്കുന്ന തരത്തിലുള്ള പ്രസ്താവനയാണ് യുഡിഎഫ് നേതാവിന്റെ ഭാഗത്ത് നിന്നുമുണ്ടായതെന്ന് മുഖ്യമന്ത്രി
പറഞ്ഞു. ഇത് ഒരാളെ മാത്രം ലക്ഷ്യമിട്ടുള്ള ആക്രമണമല്ലെന്നും പൊതുരംഗത്ത് പ്രവർത്തിക്കുന്ന മുഴുവൻ സ്ത്രീകളോടുമുള്ള അധിക്ഷേപമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അവൾക്കൊപ്പം എന്ന് ആവർത്തിച്ച് പറയുന്ന പ്രതിപക്ഷ നേതാവും യുഡിഎഫ് നേതാക്കളും ഇത്തരം സ്ത്രീവിരുദ്ധ രീതികളോട് സ്വീകരിക്കുന്ന നേർവിപരീത സമീപനം അവരുടെ കാപട്യമാണ് തുറന്നുകാട്ടുന്നതെന്നും പിണറായി കുറ്റപ്പെടുത്തി.
വികസന പ്രവർത്തനങ്ങളൊന്നും ചെയ്യാതെ വാക്ചാതുരി കൊണ്ടും ശരീര അഴകുകൊണ്ടും വീണ്ടും
തെരഞ്ഞെടുപ്പിലേയ്ക്ക് വരുന്നുവെന്നായിരുന്നു പരാമർശം. യുഡിഎഫ് മണ്ഡലം കൺവീനറും ലീഗ് നേതാവുമായ ഇർഷാദ് ചക്കാലശേരിയാണ് ഇന്നലെ നടന്ന യുഡിഎഫ് കൺവെൻഷനിൽ സ്ത്രീവിരുദ്ധ പരാമർശം നടത്തിയത്.
‘ഒരു ജനപ്രതിനിധിയെന്ന നിലയില്‍ അവര്‍ക്ക് ഒന്നുംതന്നെ ചെയ്യാന്‍ കഴിഞ്ഞിട്ടില്ലെന്ന യാഥാര്‍ഥ്യം മുന്നില്‍ നില്‍ക്കുമ്പോഴാണ് വാക്ചാതുരി കൊണ്ടും ശരീര അഴകുകൊണ്ടും വീണ്ടും തെരഞ്ഞെടുപ്പിന് വരുന്നത്’ എന്നായിരുന്നു ഇര്‍ഷാദ് ചക്കാലശേരിയുടെ വിവാദപരാമര്‍ശം. യു.പ്രതിഭയുടെ മകന് ഉള്‍പ്പെട്ട കഞ്ചാവുകേസിനെക്കുറിച്ചും യുഡിഎഫ് നേതാവ് പ്രസംഗത്തില്‍ പരാമര്‍ശിച്ചിരുന്നു. ഡിസിസി പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ വേദിയിലിരിക്കെയാണ് ഇര്‍ഷാദ് സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയത്.
















