
വടകര: മണിയൂര്‍ ശ്രീഭവതി-ഗണപതി ക്ഷേത്രോല്‍സവത്തിനിടയില്‍ കുറ്റ്യാടി മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.പി.കുഞ്ഞമ്മദ്കുട്ടിക്കെതിരെ നടത്തിയ കയ്യേറ്റത്തെ വക്രീകരിച്ച് യുഡിഎഫ്-ആര്‍എംപിഐ നേതൃത്വം നടത്തിക്കൊണ്ടിരിക്കുന്ന വ്യക്തിഹത്യ
അത്യന്തം അപലനീയമാണെന്ന് എല്‍ഡിഎഫ് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
സ്ഥാനാര്‍ഥിയെ കയ്യേറ്റം ചെയ്തിട്ടില്ലെന്ന് സ്ഥാപിക്കാനുള്ള കള്ളക്കഥകള്‍ മെനയുകയാണ് യുഡിഎഫ്-ആര്‍എംപിഐ നേതൃത്വം. മാര്‍ച്ച് 21ന് ക്ഷേത്ര പരിസരത്തെത്തിയ സ്ഥാനാര്‍ഥിയും കൂട്ടരും വോട്ടര്‍മാരെ കണ്ട് അന്നദാനത്തിലും പങ്കെടുത്ത് സന്ദര്‍ശനം പൂര്‍ത്തിയാക്കി ക്ഷേത്രത്തിന്റെ തെക്കെനടയിലൂടെ റോഡിലേക്ക് ഇറങ്ങുമ്പോള്‍
മുതുവനയില്‍ നിന്നുള്ള വരവ് അവിടെ നില്പുണ്ടായിരുന്നു. വരവിന്റെ ഒരു സൈഡിലൂടെ മണിയൂര്‍ തെരുവില്‍ നിര്‍ത്തിയിട്ട മാഷിന്റെ കാറിനെ ലക്ഷ്യമാക്കി നടക്കുന്നതിനിടെ വരവിന്റെ ഒരു വശത്തുള്ള ഭക്തജനങ്ങള്‍ മാഷിനെ ഹസ്തദാനം ചെയ്യുന്നുണ്ടായിരുന്നു. അതിനിടയില്‍ വരവിനോടൊപ്പം നടന്ന ഒരാള്‍ മാഷിന്റെ കൈ പിടിച്ച് വരവിനകത്തേക്ക് കയറ്റി. വരവിന്റെ മറുവശമുള്ളവരെ കൂടി മാഷിനെ കാണിക്കുക എന്ന ഉദ്ദേശ്യത്തോടുകൂടിയാണ് അദ്ദേഹം അങ്ങനെ ചെയ്തത്. ആദ്യത്തെ ആള്‍ക്ക് കൈക്കൊടുത്തപ്പോള് തന്നെ മാഷെ അസഭ്യം പറഞ്ഞ് കൊണ്ട് വരവിനൊപ്പം
സഞ്ചരിക്കുകയായിരുന്നയാള്‍ മാഷിന്റെ കോളര്‍ പിടിച്ച് നെഞ്ചിലേക്ക് കൈയ്യമര്‍ത്തി പിന്നോട്ട് തള്ളുകയുണ്ടായി. അതിന് മുമ്പ് അയാള്‍ ക്യാമറാമാനെയും തള്ളിയിട്ടിരുന്നു. പിന്നിലുള്ള ആള് താങ്ങിയതിനാല്‍ മാഷ് വീണില്ല. രയരോത്ത്പറമ്പത്ത് ബാബുവാണ് ഇയാളുടെ പിടിയില്‍ നിന്നു മാഷെ രക്ഷപ്പെടുത്തിയത്. പിന്നീട് ബാബുവിനെ ഉള്‍പ്പെടെ ആക്രമിക്കാന്‍ ശ്രമിച്ച അയാളെ മറ്റുള്ളവര്‍ പിടിച്ച് മാറ്റുകയായിരുന്നു. അദ്ദേഹം മൂക്കറ്റം മദ്യപിച്ചിരുന്നു. മാഷ് ഒരു തര്‍ക്കത്തിനും നില്‍ക്കാതെ ആയഞ്ചേരിയില്‍ നടക്കുന്ന എല്‍ഡിഎഫ് മണ്ഡലം കണ്‍വെന്‍ഷനിലേക്ക് മടങ്ങി പോവുകയാണ് ചെയ്തത്. താന്‍ പയ്യോളി സ്റ്റേഷനില്‍ പോയി മാഷിന് വേണ്ടി പരാതി സമര്‍പ്പിക്കുകയും ചെയ്തതായി വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത സിപിഎം ലോക്കല്‍ സെക്രട്ടറി ബി.സുരേഷ്ബാബു
പറഞ്ഞു.
ഇങ്ങനെയൊരു സംഭവമേ നടന്നിട്ടില്ലെന്ന് ഒരാളെ കൊണ്ട് സിപിഎം പ്രവര്‍ത്തകനാണെന്ന് പറയിപ്പിച്ച് വീഡിയോ ഉണ്ടാക്കി സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയാണ് അവര്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ ഇയാള്‍ക്ക് സിപിഎമ്മുമായി യാതൊരു ബന്ധവുമില്ലെന്ന് നേതാക്കള്‍ വ്യക്തമാക്കി. വരവിനിടയില്‍ കടന്ന് മാഷ് വ്രതശുദ്ധിക്ക് ഭംഗം വരുത്തിയെന്ന പ്രചരണം വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാനുള്ള ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമാണ്. കുട്ടോത്ത്-അട്ടക്കുണ്ട് കടവ് റോഡിന്റെ വികസനം തടയുന്നതിനായി ഹൈക്കോടതിയില്‍ കേസ് നല്കിയ സംഘത്തിന്റെ തലവനാണ് കുഞ്ഞമ്മദ്കുട്ടിക്കെതിരെ കയ്യേറ്റത്തിന് മുതിര്‍ന്നതെന്നും എല്ലാ കേസുകളും തള്ളിയതിന്റെ പകയാണ് ഇതിന് കാരണമെന്നും എല്‍ഡിഎഫ് നേതാക്കള്‍ കുറ്റപ്പെടുത്തി. വാര്‍ത്താസമ്മേളനത്തില്‍ പി.കെ.ദിവാകരന്, സി.വിനോദ്, കെ.കെ.ജയപ്രകാശ്, പ്രമോദ് കോണിച്ചേരി എന്നിവരും പങ്കെടുത്തു.















