വടകര: ഫോക് ലോര്‍ അക്കാദമിയുടെ 2024 വര്‍ഷത്തെ ‘ഗുരുപൂജ’ പുരസ്കാരത്തിന് ചോറോട് ഒ.കെ.ഗംഗാധരന് പണിക്കര്‍ അര്‍ഹനായി. കടത്തനാടിലെ മണ്മറഞ്ഞുപോയ
പ്രശസ്ത തെയ്യം കലാകാരന് മുട്ടുങ്ങല്‍ രാമര്‍കുട്ടി പണിക്കരുടെയും അമ്മാളു അമ്മയുടെയും മകനാണ്. കെ.വി.കമലയാണ് ഭാര്യ. പ്രശസ്ത തെയ്യം കലാകാരനും സംഗീതജ്ഞനുമായ ഒ.ബാലന് സഹോദരനാണ്. പതിനൊന്നാമത്തെ വയസ്സില്‍ മുട്ടുങ്ങല്‍ ശ്രീ ഭഗവതി ക്ഷേത്രത്തില്‍ വച്ച് ഗുളികന് വെള്ളാട്ടം കെട്ടിയാടിക്കൊണ്ടാണ് ഒ.കെ.ഗംഗാധരന് തെയ്യം മേഖലയില്‍ അരങ്ങേറ്റം കുറിച്ചത്. അതിനുശേഷം ചെണ്ടക്കൊട്ട്, തെയ്യച്ചമയ നിര്‍മാണം, കുറുങ്കുഴല്‍, തോറ്റംപാട്ട് എന്നിവ അഭ്യസിച്ച് തെയ്യം കെട്ടിയാട്ട രംഗത്ത് സജീവമായി പ്രവര്‍ത്തിച്ചു പോന്നു. 50 വര്‍ഷത്തിലധികം ജില്ലക്കകത്തും പുറത്തും നിരവധി ക്ഷേത്രങ്ങളിലും കാവുകളിലുമായി ഒട്ടനവധി തെയ്യങ്ങള്‍ കെട്ടിയാടിയിട്ടുണ്ട്. കൊടുങ്ങല്ലൂര്‍ ശ്രീ കുറുമ്പ ഭഗവതി ക്ഷേത്രത്തില്‍ പ്രധാന ദേവതയായ വസൂരിമാല ഭഗവതിയുടെ തെയ്യം കെട്ടിയാടിയിട്ടുണ്ട്. വിവിധ ക്ഷേത്രങ്ങളിലായി ഗുളികന്, കുട്ടിച്ചാത്തന്, വസൂരിമാല, ഭദ്രകാളി, വിഷ്ണുമൂര്‍ത്തി, അതിരാളന്‍, അസുര പുത്രന് എന്നീ തെയ്യങ്ങള്‍ കെട്ടിയാടി. പിതാവ് തന്നെയാണ് പ്രധാന ഗുരുനാഥന്. തെയ്യം കലയിലെ മഹാരഥന്മാരായ ചന്തു പണിക്കര്‍ കീഴല്ലൂര്‍
(ഭാര്യാപിതാവ്), ചാത്തു പണിക്കര്‍ തിരുവള്ളൂര്‍ എന്നിവരും ഇദ്ദേഹത്തിന്റെ ഗുരുനാഥന്മാരാണ്. 2019 മാര്‍ച്ച് 5ന് മുട്ടുങ്ങല്‍ ഭഗവതി ക്ഷേത്രത്തില്‍ വെച്ച് ക്ഷേത്ര തന്ത്രി പട്ടും വളയും നല്കി ആദരിച്ചു. ഇതിനുപുറമേ മീത്തലാടത്ത് ശ്രീ ഭഗവതി ക്ഷേത്രം, തട്ടാറത്ത് ശ്രീ ഭഗവതി ക്ഷേത്രം എന്നീ ക്ഷേത്രസന്നിധികളില്‍ വച്ചും ഇദ്ദേഹത്തെ ആദരിച്ചു. ലോക നാടക ദിനത്തില്‍ വടകരയിലെ കലാസാംസ്കാരിക കൂട്ടായ്മയായ കളിക്കളം ഓഡിറ്റോറിയത്തില്‍ ആദരിച്ചു. പ്രാദേശികമായി ഒട്ടനവധി പുരസ്കാരങ്ങളും ഇദ്ദേഹത്തെ തേടി എത്തിയിട്ടുണ്ട്. ഇപ്പോഴും തെയ്യം മേഖലയില്‍ സജീവമാണ്. അനുഷ്ഠാന കര്‍മങ്ങളായ വേടന് പാട്ട്, കാലന് പാട്ട്, ഓണേശ്വരന് എന്നിവയും നടത്തിപ്പോരുന്നു. കുറുങ്കുഴല്‍, തോറ്റംപാട്ട് എന്നിവ യുവതലമുറയെ അഭ്യസിപ്പിച്ചും വരുന്നു. തെയ്യം കലാകാരന്മാരുടെ സംഘടനയായ ക്ഷേത്രം അനുഷ്ഠാന തെയ്യം കെട്ടിയാട്ടം ജില്ലാ സെക്രട്ടറിയായും പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.















