
വടകര: ഇല്ലാത്ത കയ്യേറ്റക്കഥ പ്രചരിപ്പിച്ച് മണിയൂരിനെ എല്‍ഡിഎഫ് കലാപഭൂമിയാക്കാന്‍ ശ്രമിക്കുകയാണെന്ന് യുഡിഎഫ്-ആര്‍എംപിഐ നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍
ആരോപിച്ചു.
ഇടതു സ്ഥാനാര്‍ഥിയെ കയ്യേറ്റം ചെയ്തെന്നത് തിരക്കഥയുടെ ഭാഗമാണെന്നും പരാജയഭീതിയില്‍ നിന്ന് മനഃപൂര്‍വം പ്രശനങ്ങളുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും ഇവര്‍ കുറ്റപ്പെടുത്തി. വ്രതമനുഷ്ഠിച്ച് പൊരിവെയിലത്ത് ഇളനീരുമേന്തി മണിക്കൂറുകളോളം ചോമപ്പനെ കാത്തുനില്‍ക്കുന്നവര്‍ക്ക് മുന്നില്‍ തെരഞ്ഞെടുപ്പ് പ്രചരണ വീഡിയോ ചിത്രീകരിക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കുമെന്ന് ആവശ്യപ്പെടുക മാത്രമാണ് ചെയ്തത്. ഇതിനെയാണ് കയ്യേറ്റമായി ചിത്രീകരിക്കുന്നത്. പ്രദേശത്തെ നിരവധിയാളുകള്‍ കണ്ട
സംഭവത്തെ രാഷ്ട്രീയവത്കരിക്കുകയും സഹതാപതരംഗമുണ്ടാക്കാന്‍ ശ്രമിക്കുകയുമാണ്. കയ്യേറ്റം ചെയ്തെന്ന സംഭവത്തിന്റെ വീഡിയോ പുറത്തിറക്കാന്‍ സ്ഥാനാര്‍ഥി തയ്യാറാകണം. ഇത്തരം പ്രചരണങ്ങളുടെ ലക്ഷ്യം നാട്ടിലാകെ കലാപാവസ്ഥ സൃഷ്ടിക്കുകയാണ്. ഇത് വെറും പൊറാട്ട്നാടകമാണെന്നും ഇതില്‍ നിന്ന് ഇടതുപക്ഷവും സ്ഥാനാര്‍ഥിയും പിന്മാറണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
വാര്‍ത്താസമ്മേളനത്തില്‍ യുഡിഎഫ് മണ്ഡലം ചെയര്മാന് പി.എം.കണാരന്, കണ്‍വീനര്‍ കളരിക്കല്‍ അമ്മത്, വി.ടി.കെ. മുഹമ്മദലി, ബിജിത്ത്ലാല്‍ തെക്കേടത്ത് എന്നിവര്‍ പങ്കെടുത്തു.
















