നാദാപുരം: ഒരു പതിറ്റാണ്ടായി കേരളത്തെ കട്ട് മുടിച്ചു ഭരിക്കുന്ന പിണറായി സര്‍ക്കാറിനെ താഴെ ഇറക്കാന്‍ ജനം കാത്തിരിക്കുകയാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. നാദാപുരം നിയോജകമണ്ഡലം ഐക്യ
ജനാധിപത്യമുന്നണി സ്ഥാനാര്‍ഥി കെ.എം.അഭിജിത്തിന്റെ തെരഞ്ഞെടുപ്പ് കണ്വെന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു തങ്ങള്‍. നാട്ടില്‍ നിലനില്‍ക്കുന്ന മാനവ സഹോദര്യത്തിന് വിള്ളല്‍ വീഴ്ത്തുന്ന ശക്തികള്‍ക്ക് പരോക്ഷ പിന്തുണ നല്കുന്ന ഇടതു സര്‍ക്കാരിനെതിരായ വിധിയെഴുത്തായിരിക്കും ഈ തെരഞ്ഞെടുപ്പ്. കേരളത്തില്‍ കഴിഞ്ഞ പത്തു വര്‍ഷമായി ഈ സര്‍ക്കാര്‍ എല്ലാ മേഖലകളിലും തികഞ്ഞ പരാജയമാണ്. പത്തു വര്‍ഷം മുമ്പ് യുഡിഎഫ്
ഭരണ കാലത്ത് ലോകത്തിനു മാതൃകയായ പല പദ്ധതികളും ആവിഷ്കരിച്ചു നടപ്പിലാക്കിയിട്ടുണ്ട്. എന്നാല്‍, ഈ പദ്ധതികള്‍ പോലും ഇടതു സര്‍ക്കാര്‍ അട്ടിമറിച്ചു. മെയ് നാലിന് ഫലം വരുന്നതോടെ യഥാര്‍ഥ കേരള സ്റ്റോറി എന്തെന്ന് ജനം അറിയും. നാദാപുരം മണ്ഡലത്തില്‍ ഇത്തവണ യുവത്വത്തിന്റെ പ്രസരിപ്പുള്ള സ്ഥാനാര്‍ഥിയെയാണ് യുഡിഎഫ് രംഗത്ത് ഇറക്കിയത്. നാടിന്റെ മനസ്സ് തൊട്ടറിഞ്ഞ അഭിജിത്തിനെ നാദാപുരത്തുകാര്‍ ഏറ്റെടുത്തു കഴിഞ്ഞതായി തങ്ങള്‍ വ്യക്തമാക്കി. നാദാപുരം സുഡിയോ പരിസരത്ത്
വിശാലമായ ഗ്രൗണ്ടില്‍ നടന്ന കണ്‍വെന്‍ഷനില്‍ വിവിധ പഞ്ചായത്തുകളില്‍ നിന്നായി ആയിരക്കണക്കിന് യുഡിഎഫ് പ്രവര്‍ത്തകരാണെത്തിയത്. യുഡിഎഫ് നിയോജകമണ്ഡലം ചെയര്മാന് സൂപ്പി നരിക്കാട്ടേരി അധ്യക്ഷത വഹിച്ചു. ഷാഫി പറമ്പില്‍ എംപി മുഖ്യപ്രഭാഷണം നടത്തി. കണ്‍വീനര്‍ അഡ്വ. എ.സജീവന്, മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ടി.ടി.ഇസ്മായില്‍, ദേശീയ സെക്രട്ടറി സി.കെ.സുബൈര്‍, യുഡിഎഫ് ജില്ലാ കണ്‍വീനര്‍ അഹമ്മദ് പുന്നക്കല്‍, കോണ്‍ഗ്രസ് നേതാവ് കെ.സി.അബു, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് പി.എം.ജോര്‍ജ്, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി റഷീദ് വെങ്ങളം, മുഹമ്മദ് ബംഗ്ലത്ത്, എം.പി.ജാഫര്‍, എം.പി.സൂപ്പി, മോഹനന് പാറക്കടവ്, ജമാല്‍ കോരങ്കോട്ട്, കെ.പി.രാജന്, വയലോളി അബ്ദുള്ള, വി.പി.കുഞ്ഞബ്ദുള്ള തുടങ്ങിയവര്‍ സംസാരിച്ചു.















