കോഴിക്കോട്: കോഴിക്കോട് ടൗണ്‍ സ്റ്റേഷനിലെ എസ്‌ഐക്ക് കുത്തേറ്റു. കുത്തിയ ആള്‍ പിടിയിലായി. എസ്‌ഐ ഷാഫിയെയാണ് വെസ്റ്റ്ഹില്‍ സ്വദേശി
പ്രമോദ് കുത്തിയത്. ഇയാള്‍ നിരവധി കേസുകളില്‍ പ്രതിയാണ്. ടൗണ്‍ പോലീസ് സ്റ്റേഷന് മുന്നില്‍ വെച്ചാണ് എസ്‌ഐക്ക് കുത്തേറ്റത്. കോഴിക്കോട് ടൗണ്‍ സ്റ്റേഷന് മുന്നിലെ ഹോട്ടലില്‍ ചായ കുടിക്കാനായാണ് എസ്‌ഐ ഷാഫി എത്തിയത്. ഈ സമയം ഹോട്ടലിലെ സപ്ലയറും പ്രതിയായ പ്രമോദും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായി. വാക്കുതര്‍ക്കം കടുത്തതോടെ പ്രമോദിനോട് ശബ്ദമുയര്‍ത്തി സംസാരിക്കരുതെന്ന് എസ്‌ഐ ആവശ്യപ്പെട്ടു. തൊട്ടുപിന്നാലെ പ്രമോദ് എസ്‌ഐയോട് തട്ടിക്കയറി. ഇയാളെ പിടിച്ചുമാറ്റിയതിനു പിന്നാലെയാണ് പ്രതി എസ്‌ഐയെ പിന്നില്‍ നിന്ന് കുത്തിയത്. ഉടന്‍ തന്നെ എസ്‌ഐയെ ആശുപത്രിയില്‍ എത്തിച്ചു. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടി.















