
വടകര: പുതിയ കഥകള്‍ ഭാഷകൊണ്ട് ഇന്ദ്രജാലം സൃഷ്ടിക്കുന്നവയാണെന്ന് പ്രശസ്ത എഴുത്തുകാരന് എം.മുകുന്ദന് പറഞ്ഞു. 1970 മുതല്‍ മടപ്പള്ളി കോളേജില്‍ നിന്ന്
പഠിച്ചിറങ്ങിയ മണ്മറഞ്ഞവരടങ്ങുന്ന 21 എഴുത്തുകാരുടെ ‘കഥാവീട്, പിഒ മടപ്പള്ളി കോളേജ്’ എന്ന കഥാസമാഹാരത്തിന്റെ പ്രകാശന ചടങ്ങ് വടകര ടൗണ്‍ ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുസ്തകം മരിക്കുന്നു എന്ന് ഉല്ക്കണ്ഠപ്പെടാനില്ലെന്നും പുതിയ കാലത്തിന്റെ വായനക്കാര്‍ ഉടലെടുത്തുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പ്രശസ്ത നോവലിസ്റ്റ് ഇ.സന്തോഷ് കുമാര്‍ പുസ്തകം പ്രകാശനം ചെയ്തു. സര്‍ഗാത്മകതയുടെ ദംശനം ഏല്ക്കുക എന്നത് അലൗകികമായ ഒരു ഭാഗ്യമാണെന്ന് അദ്ദേഹം പറഞ്ഞു. അത്തരം ദംശന സൗഭാഗ്യം ലഭിച്ച 21 പേരുടെ കഥകള്‍ കലാലയ സാംസ്കാരിക ജീവിതത്തിലെ പുതിയ അനുഭവമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡോ. സുനീഷ് കൃഷ്ണന് പുസ്തകത്തിന്റെ ആദ്യ കോപ്പി ഏറ്റുവാങ്ങി. കഥാവീടിന്റെ ചീഫ് എഡിറ്റര്‍ ഡോ. എം.മുരളീധരന് അധ്യക്ഷത വഹിച്ചു. ഇന്ദുമേനോന്, സിതാര.എസ്, ആര്‍ട്ടിസ്റ്റ് മദനന് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. തയ്യുള്ളതില്‍ രാജന് സ്വാഗതവും കെ.പി.സുനില്‍ കുമാര്‍ നന്ദിയും പറഞ്ഞു. നൗറ ബുക്സാണ് പ്രസാധകര്.















