വടകര: ആര്‍ജെഡിയിലെ എം.കെ.ഭാസ്‌കരന്‍ എല്‍ഡിഎഫിന് വേണ്ടി വടകരയില്‍ അങ്കത്തിനിറങ്ങി. സുദീര്‍ഘമായ രാഷ്ട്രീയ പ്രവര്‍ത്തന പാരമ്പര്യമുള്ള ഭാസ്‌കരന് ഇത് ആദ്യ
നിയമസഭാ പോരാട്ടമാണ്. പാര്‍ട്ടിയുടെ ജില്ലാ പ്രസിഡന്റായ എം.കെ.ഭാസ്‌കരന്‍ മൂന്നു തവണ ഏറാമല ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്നിട്ടുണ്ട്. ഇന്ന് ഏറാമല പഞ്ചായത്ത് ഭരണം യുഡിഎഫ്-ആര്‍എംപിഐ നേതൃത്വത്തിനാണെങ്കിലും വടകര മണ്ഡലത്തിലാകെ പോരാട്ടത്തിന്റെ ചൂട് പകരാനാണ് എം.കെ.ഭാസ്‌കരന്റെയും ഇടതുമുന്നണിയുടെയും ശ്രമം. സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ വിദ്യാര്‍ഥി സംഘടനയായ ഐഎസ്ഒവിലൂടെ 1972ല്‍ വിദ്യാര്‍ഥി രാഷ്ട്രീയ പ്രവര്‍ത്തനത്തിലൂടെ പൊതുരംഗത്തേക്ക് വരികയും പാര്‍ട്ടിയുടെയും യുവജന സംഘടനയുടെയും വിവിധ തലങ്ങളില്‍ പ്രവര്‍ത്തിക്കുകയും ചെയ്തു. കേരള വിദ്യാര്‍ഥി ജനതയുടെ താലൂക്ക് സെക്രട്ടറി, ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി എന്നീ നിലകളിലും യുവജനത സംസ്ഥാന സെക്രട്ടറി എന്ന നിലയിലും പ്രവര്‍ത്തിച്ചിട്ടുണ്ട് സോഷ്യലിസ്റ്റ് ജനത രൂപീകൃതമായപ്പോള്‍ സംസ്ഥാന സെക്രട്ടറിയായും ജെഡിയുവിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായും ദേശീയ നിര്‍വാഹ സമിതി അംഗമായും പ്രവര്‍ത്തിച്ചു. എല്‍ജെഡിയുടെ സംസ്ഥാന സെക്രട്ടറി, ദേശീയ നിര്‍വാഹ സമിതി അംഗം, ആര്‍ജെഡി സംസ്ഥാന സെക്രട്ടറി,
നിര്‍വാഹക സമിതി അംഗം, നിരവധി വര്‍ഷം വടകര മണ്ഡലം പ്രസിഡണ്ട് എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. കെ.ചന്ദ്രശേഖരന്‍ വിദ്യാഭ്യാസ മന്ത്രി ആയിരുന്നപ്പോള്‍ പേഴ്‌സണല്‍ അസിസ്റ്റന്റ് ആയിരുന്നു. 1995, 2005, 2015 എന്നീ മൂന്ന് ടേമുകളിലാണ് ഏറാമല പഞ്ചായത്ത് പ്രസിഡന്റായത്. ഏറാമലയുടെ നാനാവിധങ്ങളായ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. വടകര ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണായും പ്രവര്‍ത്തിച്ചു. ഇപ്പോള്‍ കാഡ്‌കോ ഡയറക്ടറും ഓര്‍ക്കാട്ടേരി സിഎച്ച് തണല്‍ ഡയാലിസിസ് സെന്റര്‍ ട്രഷററുമാണ്. ഓര്‍ക്കാട്ടേരി സ്വദേശിയായ മരുന്നോളി താഴെക്കുനി കണ്ണന്‍, മാതു ദമ്പതികളുടെ മകനാണ്. ഭാര്യ: ഇന്ദിര (ഏറാമല സര്‍വീസ് സഹകരണ ബാങ്ക്) മക്കള്‍: അശ്വിന്‍ ലാല്‍, ആദിത്ത് ലാല്‍.















