വടകര: മലോല്‍മുക്ക്-ഓര്‍ക്കാട്ടേരി റോഡിലെ ഇല്ലത്തുതാഴ പാലം അപകടാവസ്ഥയിലായ കാരണത്താല്‍ പൂര്‍ണമായും അടച്ചതോടെ ദുരിതത്തിലായ നാട്ടുകാര്‍ക്ക് ബദല്‍
യാത്രാസൗകര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍ജെഡി സമരത്തിലേക്ക്.
മലോല്‍ മുക്ക്, മാങ്ങോട്ടുപാറ, വൈക്കിലശേരി, കുരിക്കിലാട് പ്രദേശത്തുകാര്‍ ഓര്‍ക്കാട്ടേരി ടൗണില്‍ എത്താന്‍ വളരെയേറെ ബുദ്ധിമുട്ടുകയാണ്. ഓര്‍ക്കാട്ടേരി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍, ആശാ ആശുപത്രി, ധനകാര്യസ്ഥാപനങ്ങള്‍, ഏറാമല കെ.കുഞ്ഞിരാമകുറുപ്പ് സ്മാരക ഹയര്‍സെക്കന്‍ഡറി സ്കൂള്‍, മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കച്ചവട സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലേക്ക് എത്തിച്ചേരാന്‍ ഒന്നര കിലോമീറ്റര്‍ അധികം സഞ്ചരിക്കേണ്ടി വരുന്നു. ചെറുവാഹനങ്ങള്‍ക്ക് പോകാന്‍ ഈ പാലം ഉപയോഗിക്കാം എന്നിരിക്കെ അതിനുവേണ്ട നടപടികള്‍ അധികൃതര്‍ കൈക്കൊള്ളണമെന്ന് രാഷ്ട്രീയ ജനതാദള്‍ ചോറോട് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. ചെറുവാഹനങ്ങള്‍ക്ക് പോകാനുള്ള സൗകര്യം ഏര്‍പ്പെടുത്തണമെന്നും അല്ലാത്തപക്ഷം വടകര പിഡബ്ല്യുഡി ഓഫീസിലേക്ക് മാര്‍ച്ച് നടത്തുമെന്നും യോഗം വ്യക്തമാക്കി. നവംബര്‍ 21ന് വടകരയില്‍ നടക്കുന്ന അഗ്നിവലയം പരിപാടിയില്‍ ഇരുനൂറ് പേരെ പങ്കെടുപ്പിക്കുവാന്‍ യോഗം തീരുമാനിച്ചു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എന്‍.കെ.അജിത് കുമാര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം ഇ.പി.ദാമോദരന്‍, മണ്ഡലം സെക്രട്ടറി പ്രസാദ് വിലങ്ങില്‍, പി.കെ.ഉദയകുമാര്‍, കെ.എം.നാരായണന്, പി.സുരേഷ്, വി.പി.പവിത്രന്, സി.എസ്.ജിതിന് എന്നിവര്‍ സംസാരിച്ചു.















