
ആയഞ്ചേരി: കലോത്സവ വേദികളില്‍ മത്സരച്ചൂട് മുറുകുമ്പോള്‍, സ്നേഹത്തിന്റെയും കരുതലിന്റെയും വേറിട്ടൊരു കാഴ്ചയ്ക്ക് വേദിയായി തോടന്നൂര്‍ ഉപജില്ലാ സ്കൂള്‍ കലോത്സവ നഗരി. ശിശുദിനാഘോഷങ്ങളുടെ ഭാഗമായി തോടന്നൂര്‍ ബിആര്‍സിയുടെ
നേതൃത്വത്തിലൊരുക്കിയ ‘അവനിയിലെ നക്ഷത്രങ്ങള്‍’ എന്ന പരിപാടിയാണ് കലോത്സവ നഗരിക്ക് പുത്തന്‍ അനുഭവമായത്. ഭിന്നശേഷിക്കാരായ മുപ്പതോളം കുരുന്നുകള്‍ ഈ പരിപാടിയിലൂടെ ആയഞ്ചേരിയിലെ കലോത്സവ നഗരിയുടെ ഹൃദയം കീഴടക്കി.
നഗരിയിലെത്തിയ കുരുന്നുകളെ വാഹനങ്ങളും വീല്ചെയറുകളുമൊരുക്കി സംഘാടക സമിതി ഹൃദയപൂര്‍വ്വം സ്വീകരിച്ചു. റഹ്മാനിയ സ്കൂളിലെ എന്‍എസ്എസ്, സ്കൗട്ട് വളണ്ടിയര്‍മാര്‍ റോസാപ്പൂക്കളും നെഹ്റു തൊപ്പിയും നല്കി പ്രിയ കൂട്ടുകാരെ വരവേറ്റപ്പോള്‍, ആ കുഞ്ഞു മുഖങ്ങളില്‍ വിരിഞ്ഞ പുഞ്ചിരി കലോത്സവ നഗരിയുടെയാകെ മനസ്സ് നിറച്ചു.
ഒന്നാം വേദിയില്‍ നടന്ന വാശിയേറിയ കോല്‍ക്കളി, ഒപ്പന മത്സരങ്ങള്‍
രക്ഷിതാക്കള്‍ക്കൊപ്പമിരുന്ന് അവര്‍ ആവോളം ആസ്വദിച്ചു. പ്രദേശത്തെ കലാവേദി കൂട്ടുകാര്‍ നല്കിയ സ്നേഹസമ്മാനങ്ങളും ഏറ്റുവാങ്ങിയാണ് ഈ കൊച്ചു നക്ഷത്രങ്ങള്‍ മടങ്ങിയത്.
‘അവനിയിലെ നക്ഷത്രങ്ങള്‍’ പരിപാടിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. നവാസ് നിര്‍വ്വഹിച്ചു. ആയഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തയ്യില്‍ ആസ്യ അധ്യക്ഷത വഹിച്ച ചടങ്ങില്‍ തോടന്നൂര്‍ ബ്ലോക്ക് പ്രൊജക്ട് കോര്‍ഡിനേറ്റര്‍ എം.എം. മുഹമ്മദ് പദ്ധതി വിശദീകരിച്ചു.
തോടന്നൂര്‍ ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ഹാരിസ് മുറിച്ചാണ്ടി, എഇഒ സുരേന്ദ്രന്, പ്രിന്‍സിപ്പല്‍ പി.മുന്ന, നൊച്ചാട്ട് കുഞ്ഞബ്ദുല്ല, പി.ടി.എ പ്രസിഡന്റ് മുനീര്‍ രാമത്ത്, എച്ച്.എം ഫോറം കണ്‍വീനര്‍ അജിത് കുമാര്‍, ഹെഡ്മാസ്റ്റര് സമദ്, ഫെസ്റ്റിവല്‍ കമ്മിറ്റി കണ്‍വീനര്‍ വിപിന്‍, അസീസ്, ബിആര്‍സി ട്രെയിനര്‍ കൃഷ്ണകുമാര്‍, സി.ആര്.സി കോര്‍ഡിനേറ്റര്‍മാരും സ്പെഷ്യല്‍ എജ്യുക്കേറ്റര്മാരും ചടങ്ങില്‍ പങ്കെടുത്തു.
-ബിജിത്ത് പുരമുറ്റത്ത്
















