
കൊയിലാണ്ടി: അംഗന്‍വാടിയില്‍ മലമൂത്ര വിസര്‍ജനം നടത്തിയതിന് പിഞ്ചുകുഞ്ഞിനെ അധ്യാപിക തല്ലിയതായി പരാതി. മുചുകുന്ന് കൊടക്കാട്ട് മുറി 29-ാം നമ്പര്‍ പുതുക്കുടി അംഗന്‍വാടി അധ്യാപിക രേഷ്മക്കെതിരെയാണ് കുട്ടിയുടെ ബന്ധുക്കള്‍ കൊയിലാണ്ടി
പൊലീസില്‍ പരാതി നല്‍കിയത്. കൊടക്കാട്ടുമുറിയിലെ മൂന്നു വയസുകാരനു നേരെയാണ് അധ്യാപികയുടെ ക്രൂരമായ’ശിക്ഷ’. സംഭവത്തെക്കുറിച്ച് കുട്ടിയുടെ രക്ഷിതാക്കള്‍ പറയുന്നത് ഇങ്ങനെ: നവംബര്‍ 12ന് കുട്ടി അംഗന്‍വാടിയില്‍ നിന്ന് വന്നശേഷം കുളിപ്പിച്ചുകൊണ്ടിരിക്കെയാണ് കാലിന്റെ തുടയില്‍ വിരല്‍പ്പാടുകള്‍ ശ്രദ്ധയില്‍പ്പെട്ടത്. എന്ത് പറ്റിയതാണെന്ന് ചോദിച്ചപ്പോഴാണ് കുട്ടി സംഭവം തുറന്ന് പറഞ്ഞത്. ഇതിനെ തുടര്‍ന്ന് അടികിട്ടിയ പാടിന്റെ ഫോട്ടോയും വീഡിയോയും എടുത്ത് പരാതി നല് കുകയുണ്ടായി.
കുട്ടിയെ ടീച്ചര്‍ അടിച്ചതായി ആംഗന്‍വാടിയിലെ മറ്റ് കുട്ടികളും പറഞ്ഞതായി പിതാവ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ചൈല്‍ഡ് ലൈനിലും രക്ഷിതാക്കള്‍ പരാതി
നല്‍കിയിട്ടുണ്ട്. പരാതിക്ക് പിന്നാലെ അധ്യാപികയെ ഐസിഡിഎസ് സസ്പെന്റ് ചെയ്തു. കഴിഞ്ഞ ദിവസം തന്നെ അധ്യാപികയെ സസ്പെന്റ് ചെയ്ത് കൊണ്ട് ഉത്തരവിട്ടതായി സിഡിപിഒ പറഞ്ഞു. വീട്ടിലെത്തി കുട്ടിയില്‍ നിന്നും രക്ഷിതാക്കളില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചശേഷം സംഭവം മേലുദ്യോഗസ്ഥരെ അറിയിച്ചു. അന്നേദിവസം ഹെല്‍പ്പര്‍ അവധിയായിരുന്നെന്നും ടീച്ചര്‍ മാത്രമാണ് അംഗന്‍വാടിയില്‍ ഉണ്ടായിരുന്നതെന്നും ആ ദിവസം നാല് കുട്ടികളാണ് സെന്ററില്‍ എത്തിയതെന്നും സിഡിപിഒ പ്രതികരിച്ചു. തിങ്കളാഴ്ച ആംഗന്‍വാടി ലെവല്‍ മോണിറ്ററിംങ് ആന്റ് സപ്പോര്‍ട്ട് കമ്മിറ്റി ചേര്‍ന്ന്. കമ്മിറ്റിയുമായി
കൂടിയാലോചിച്ച് അംഗന്‍വാടിയില്‍ താത്ക്കാലികമായി പുതിയ വര്‍ക്കറെ നിയമിക്കുമെന്ന് സിഡിപിഒ വ്യക്തമാക്കി. സംഭവത്തില്‍ പോലീസ് എഫ്ഐആര്‍ രേഖപ്പെടുത്തി മൊഴി എടുത്തിട്ടുണ്ട്.
ബാലാവകാശ കമ്മിഷന് കേസെടുത്തു
കൊയിലാണ്ടി: കൊടക്കാട്ടുമുറിയില്‍ മൂന്നു വയസ്സുകാരനെ അംഗന്‍വാടി വര്‍ക്കര്‍ തല്ലിയ സംഭവത്തില്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന് സ്വമേധയാ കേസെടുത്തു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കേസ്. മലവിസര്‍ജനം നടത്തിയതിന് അടിച്ചുവെന്നാണ് പരാതി. ജില്ലാ പൊലീസ് മേധാവി, ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍, ഐസിഡിഎസ് ജില്ലാ പ്രോഗ്രാം മാനേജര്‍ എന്നിവരോട് കമ്മിഷന് വിശദീകരണം ആവശ്യപ്പെട്ടു.
-സുധീര്‍ കൊരയങ്ങാട്
















