
വടകര: അധ്യാപികമാര്‍ ഉള്‍പെട്ടെ വടകര എംഡിഎംഎ കേസിലെ മുഖ്യപ്രതി പിടിയില്‍. വയനാട് സ്വദേശി ഷിന്റോയാണ് അറസ്റ്റിലായത്. ഇയാളെ ഹൈദരബാദില്‍ നിന്നാണ് പൊലീസ് പിടികൂടിയത്.
ബത്തേരി സ്വദേശിയായ ഇയാള്‍ക്കായി നാല് മാസത്തിലേറെ പൊലീസ് തെരച്ചില്‍ നടത്തിയിരുന്നെങ്കിലും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. മറ്റൊരു ലഹരിക്കേസുമായി ബന്ധപ്പെട്ട് ഷിന്റോയെ ഹൈദരബാദ് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളെ നാളെ
കേരളത്തിലെത്തിക്കും.
വടകര എംഡിഎംഎ കേസില്‍ അധ്യാപികമാരെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ഇയാള്‍ സ്ഥലം വിട്ടിരുന്നു. പൊലീസ് വ്യാപകമായി അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. കഴിഞ്ഞ ദിവസം ഷിന്റോയുടെ സുഹൃത്തുക്കളായ വിശാല്‍, അജിത്ത് എന്നിവരെ പൊലീസ് പിടികൂടിയിരുന്നു. ഇതിന് പിന്നാലെയാണ് ഷിൻ്റോയും പിടിയിലായത്. നിരവധി കേസുകളിൽ പ്രതിയാണ് ഷിൻ്റോ. കണ്ണൂരിൽ രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് ഷിൻ്റോയെ ഹൈദരാബാദിൽ നിന്ന് പിടികൂടിയിരിക്കുന്നത്. ഹൈദരാബാദ് പൊലീസും കേരള പൊലീസും സംയുക്തമായാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്.
മലബാറില്‍ എംഡിഎംഎ എത്തിക്കുന്നതില്‍ പ്രധാന കണ്ണി ഷിന്റോയാണെന്നാണ് പൊലീസ്
പറയുന്നത്. കേസുമായി ബന്ധപ്പെട്ട് ഇതുവരെ പതിനൊന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതില്‍ മിക്കവര്‍ക്കും ജാമ്യം ലഭിച്ചു. വടകര താഴെ അങ്ങാടി സ്വദേശി സഫ്വാനെ എംഡിഎംഎയുമായി പിടികൂടിയതോടെ നടത്തിയ അന്വേഷണത്തിലാണ് അധ്യാപികമാര്‍ ഉള്‍പെടെയുള്ള വന്‍ റാക്കറ്റിനെ കുറിച്ച് പോലീസിനു വിവരം ലഭിക്കുന്നതും പ്രതികള്‍ പലപ്പോഴായി പിടിയിലാവുന്നതും.
















