
വടകര: ചോറോട് പഞ്ചായത്തിലെ മാങ്ങോട്ട്പാറയ്ക്ക് സമീപം കുട്ടൂലിപ്പാലം കനാലില്‍ രാത്രിയുടെ മറവില്‍ മാലിന്യം തള്ളുന്നത് ചോദ്യം ചെയ്യാനെത്തിയ യുവാവിനെ ഓട്ടോറിക്ഷ ഇടിച്ചിട്ട് കടന്നുകളഞ്ഞ സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് ചോറോട് മണ്ഡലം കമ്മിറ്റി
ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
ഇന്നലെ അര്‍ധരാത്രിയോടെയാണ് സംഭവം. കനാലില്‍ മാലിന്യം തള്ളുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഇന്‍കാസ് നേതാവ് ഫക്രുദ്ധീന്റെ മകനും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ സമീപവാസിയായ ഫസല്‍ (25) സ്ഥലത്തെത്തുകയായിരുന്നു. മാലിന്യം തള്ളിയശേഷം കടന്നുപോയ ഓട്ടോറിക്ഷ തിരിച്ചെത്തി ഫസലിനെ ഇടിച്ചുതെറിപ്പിച്ച് കടന്നുകളയുകയായിരുന്നു. സംഭവത്തില്‍ ഫസലിന് പരിക്കേറ്റിട്ടുണ്ട്. യുവാവിനെ ഓട്ടോറിക്ഷ ഇടിച്ചിട്ട് പോകുന്ന ദൃശ്യങ്ങള്‍ സമീപത്തെ സി.സി.ടി.വി ക്യാമറയിലും പതിഞ്ഞിട്ടുണ്ട്.
പൊതുജനാരോഗ്യത്തിനും പരിസ്ഥിതിക്കും ഗുരുതരമായ ഭീഷണിയുയര്‍ത്തുന്ന രീതിയില്‍ കനാലുകളില്‍ മാലിന്യം തള്ളുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് യൂത്ത്
കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. മാലിന്യം തള്ളുന്നത് ചോദ്യം ചെയ്ത യുവാവിനെ വാഹനമിടിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തെ അതീവ ഗൗരവത്തോടെ കാണണം. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ പരിശോധിച്ച് സംഭവത്തില്‍ ഉള്‍പ്പെട്ട ഓട്ടോറിക്ഷയും പ്രതികളെയും തിരിച്ചറിഞ്ഞ് പോലീസ് അടിയന്തരമായി കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം.
യുവാവിന് നീതി ഉറപ്പാക്കാനും പൊതുസ്ഥലങ്ങളില്‍ മാലിന്യം തള്ളുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനും പോലീസ് തയ്യാറാകണമെന്ന് യൂത്ത് കോണ്‍ഗ്രസ് ചോറോട് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
















