വടകര: വയറിളക്ക രോഗങ്ങള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നിര്‍ദ്ദേശാനുസരണം വടകരയിലെ ഭക്ഷണശാലകളില്‍ ആരോഗ്യ
വിഭാഗം മിന്നല്‍ പരിശോധന നടത്തി. ഇതിന്റെ ഭാഗമായി വടകര പുതിയ സ്റ്റാന്‍ഡിലെ ന്യൂ ലവ്ലി ബേക്കറിയുടെ പലഹാര നിര്‍മാണശാലക്ക് അധികൃതരുടെ പൂട്ട്. ഇവിടെ നടത്തിയ പരിശോധനയില്‍ വൃത്തിഹീനമായ സാഹചര്യത്തില്‍ പലഹാരങ്ങള്‍ നിര്‍മിക്കുന്നതായും ലൈസന്‍സ് ഇല്ലാതെയും തൊഴിലാളികള്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് ഇല്ലാതെയും ബേക്കറി ഉല്‍പ്പന്നങ്ങളുടെ നിര്‍മാണം നടക്കുന്നതായും കണ്ടെത്തിയതായി ആരോഗ്യവിഭാഗം അറിയിച്ചു. വര്‍ഷങ്ങളോളം പഴക്കമുള്ളതും വൃത്തിഹീനവുമായ അലൂമിനിയം പാത്രങ്ങളില്‍ കേക്ക് ഉണ്ടാക്കുന്നതും ശ്രദ്ധയില്‍പ്പെട്ടു. ബേക്കറി ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കാന്‍ വേണ്ടിയുള്ള ഭക്ഷണ സാധനങ്ങള്‍ സംഭരിച്ച പാത്രങ്ങള്‍, ചെറിയ കണ്ടെയ്നറുകള്‍, അടുക്കളയുടെ തറ എന്നിവ വൃത്തിഹീനമായിരുന്നു. കെയ്ക്ക് ഉണ്ടാക്കാന്‍ വേണ്ടിയുള്ള ക്രീമുകള്‍ സൂക്ഷിച്ച ഫ്രീസര്‍ ദുര്‍ഗന്ധപൂരിതമാണ്. എല്ലാവിധ പകര്‍ച്ചവ്യാധികളും പെറ്റു പെരുകുന്ന അവസ്ഥയിലായിരുന്നു സ്ഥാപനത്തിന്റെ പരിസരം. പൊതുജനാരോഗ്യ മാനദണ്ഡങ്ങളും ഭക്ഷ്യ സുരക്ഷയും ഇല്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനം തുറന്നു പ്രവര്‍ത്തിച്ചാല്‍ മാരകമായ പകര്‍ച്ച വ്യാധികള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സാധ്യതയുള്ളതിനാല്‍ സ്ഥാപനം താല്‍ക്കാലികമായി അടച്ചുപൂട്ടാന്‍ ആരോഗ്യവിഭാഗം നിര്‍ദേശം നല്കി. ആരോഗ്യ വിഭാഗത്തിന്റെ
നിര്‍ദ്ദേശങ്ങള്‍ പൂര്‍ണമായും അംഗീകരിച്ച് സ്ഥാപനത്തില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഉണ്ടാക്കിയതിനു ശേഷം മാത്രമേ പ്രവര്‍ത്തന അനുമതി നല്‍കുകയുള്ളൂ എന്ന് ആരോഗ്യ വിഭാഗം അറിയിച്ചു. ഓര്‍ക്കാട്ടേരി സാമൂഹിക ആരോഗ്യ കേന്ദ്രം ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ സുരേന്ദ്രന് കല്ലേരി, ചോറോട് കുടുംബാരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എ.പി.സുനില്‍ പള്ളിക്കര എന്നിവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്കി.
പൊതുജനാരോഗ്യ നിയമം ലംഘിച്ചും ആരോഗ്യ വിഭാഗത്തിന്റെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാതെയും പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ഓര്‍ക്കാട്ടേരി ഹെല്‍ത്ത് ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ കെ.ജി.ചെറിയാന് മുന്നറിയിപ്പു നല്കി.















