തിരുവനന്തപുരം: എക്സൈസ് കമ്മീഷണർ ശ്രീറാം സാംബശിവറാവുവിനെ മാറ്റി. അഡീഷണൽ കമ്മീഷണർക്ക് താത്കാലിക ചുമതല നൽകി. എക്സൈസ് മന്ത്രി എം.
ലിജുവിന്റെ അതൃപ്തിക്ക് പിന്നാലെയാണ് മാറ്റം.
എക്സൈസ് മന്ത്രി അറിയാതെ മൂന്നു ബീയര്‍ വൈൻ പാര്‍ലറുകള്‍ക്ക് ബാര്‍ ലൈസന്‍സ് നൽകിയതിൽ ഉദ്യോഗസ്ഥര്‍ക്കെതിരെ മന്ത്രി രംഗത്തെത്തിയിരുന്നു. നിയമസഭാ ചോദ്യത്തിന് ഉത്തരം നൽകാൻ ബാറുകളുടെ എണ്ണമെടുത്തപ്പോഴോണ് പുതിയ സര്‍ക്കാരിന്റെ കാലത്ത് മൂന്ന് ബാര്‍ ലൈസൻസ് പുതുക്കൽ എക്സൈസ് മന്ത്രി അറിഞ്ഞത്.
പുതിയ മദ്യനയം തീരുമാനിക്കാനിരിക്കെ സര്‍ക്കാര്‍ അറിയാതെ ലൈസന്‍സ് കൊടുത്ത ഉദ്യോഗസ്ഥരെ നേരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു. കഴിഞ്ഞ ദിവസം മാധ്യമങ്ങളോട്
പ്രതികരിക്കവെ എക്സൈസ് കമ്മീഷണര്‍ സാംബശിവ റാവുവിനെതിരെ മന്ത്രി എം ലിജു വിമർശനം ഉന്നയിച്ചിരുന്നു. എക്സൈസ് കമ്മീഷറുടെ നടപടികള്‍ ദുരൂഹമാണെന്നും വകുപ്പിന് നാണക്കേടുണ്ടാക്കുന്നതാണെന്നുമായിരുന്നു മന്ത്രി പറഞ്ഞത്. ബാറുകള്‍ക്ക് അനുമതി നല്കുന്ന കാര്യം സര്‍ക്കാരിനെ അറിയിക്കണമായിരുന്നു. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പുതിയ ബാറുകള്‍ക്ക് അനുമതി നല്‍കിയതില്‍ ഇടപെടലുണ്ടാകുമെന്നും ഇതിനായി നിയമോപദേശം തേടിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞിരുന്നു.















